കുടുക്കയില്‍ സൂക്ഷിച്ച കൊച്ചു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വനിതാ കമ്മിഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈനിന്റെ കൊച്ചുമകനും കൊച്ചുമകളും മാതൃകയായി. മീനങ്ങാടി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മാനവ് വ്യാസും സഹോദരിയും അതെ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയുമായ കണ്ണകി വ്യാസുമാണ് കൊച്ചു കുടുക്കയുമായി നേരിട്ട് കളക്ടറേറ്റിലെത്തി കൊച്ചു സമ്പാദ്യം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനു കൈമാറിയത്. മീനങ്ങാടി മാനികാവ് സ്വദേശികളും ഫാബ്‌ടെക് ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റ്യൂട്ട് സാരഥികളുമായ മനു പി. മത്തായി, ജ്യോത്സന മനു എന്നിവരുടെ മക്കളാണ് ഇരുവരും. വനിതാ കമ്മിഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈനിന്റെ മകന്‍ കൂടിയായ മനു പി. മത്തായി കില ഫാക്കല്‍ട്ടി കൂടിയാണ്. വാര്‍ത്തകളില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടാണ് ഇരുവരും ദുരിതമനുഭവിക്കുന്നവര്‍ക്കായി കൊച്ചു സമ്പാദ്യം നല്‍കാന്‍ തീരുമാനിച്ചതെന്നു രക്ഷിതാക്കാള്‍ പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.