വിലക്കയറ്റം, പുഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ല കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. വഴിച്ചേരി, വെള്ളക്കിണർ, ജില്ല കോടതി എന്നിവിടങ്ങളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങൾ, പഴം പച്ചക്കറി കട, റേഷൻ കട എന്നിവിടങ്ങളിലാണ് കളക്ടർ പരിശോധന നടത്തിയത്.

ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി.

സ്റ്റോക്ക് രജിസ്റ്റർ, വിലവിവര പട്ടിക, ഭക്ഷ്യ സാധനങ്ങളുടെ കാലാവധി തീയതി, ഭക്ഷ്യോത്പന്നങ്ങളുടെ ഗുണ നിലവാരം, അളവ്, തൂക്കം തുടങ്ങിയവ കളക്ടർ നേരിട്ട് പരിശോധിച്ചു. ഗോഡൗണുകളിലും മറ്റും അഗ്നിരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കാൻ കളക്ടർ നിർദേശിച്ചു. ഗുരുതര ക്രമക്കേടുകള്‍ക്ക് പിഴയീടാക്കുമെന്നും വരും ദിവസങ്ങളിലും ജില്ലയിൽ കൂടുതല്‍ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു.

ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, ഭക്ഷ്യ സുരക്ഷ ഓഫീസർ ചിത്ര മേരി തോമസ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളർ ഷൈനി വാസവൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിശോധയിൽ പങ്കെടുത്തു.