അദാലത്തുകളിലെത്തുന്ന അപേക്ഷകൾ ക്രമംതെറ്റിയും വഴിമാറിയും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമായി ജില്ലാ കളക്ടറുടെ ചിറയിൻകീഴ് താലൂക്കിലെ പരാതി പരിഹാര വേദി.  വേദിയിലെത്തിയ മുഴുവൻ അപേക്ഷകളും ഓൺലൈനായി സ്വീകരിക്കുകയും വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.  അപേക്ഷകൾ സ്വീകരിച്ച മാത്രയിൽ അപേക്ഷകന്റെ ഫോണിലേയക്ക് നമ്പറുൾപ്പെടെയുള്ള എസ്.എം.എസ്. അലർട്ട് ലഭ്യമാക്കി.

അപേക്ഷയുടെ തുടർഗതി ഇതേ രീതിയിൽ തന്നെ അപേക്ഷകനെ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.   ജനങ്ങളുടെ പരാതികൾക്ക് അവരിലേയ്‌ക്കെത്തി അടിയന്തര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ജില്ലാ കളക്ടറുടെ പൊതുജനപരാതിപരിഹാര വേദിയിൽ കഴിയുന്നത്ര പരാതികൾക്ക് പരിഹാരം കാണാൻ ഉദേ്യാഗസ്ഥർ ശ്രമിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു.  ചിറയിൻകീഴ് താലൂക്കിലെ പരാതിപരിഹാര വേദി ആറ്റിങ്ങൽ ഠൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത്തരം വേദികൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.   വേദിയിൽ പരിഹരിക്കാവുന്ന പരാതികളിൽ മേലുള്ള നടപടികൾ അവിടെവച്ചുതന്നെ പൂർത്തിയാക്കുമെന്നും വിവിധ വകുപ്പുകൾക്ക് കൈമാറിയിട്ടുള്ളതടക്കം തീർപ്പാക്കാത്ത പരാതികൾ ട്രാക്ക് ചെയ്ത് പുരോഗതി വിലയിരുത്തുമെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

ട്രാക്കിങ് ലക്ഷ്യമാക്കിയാണ് പരാതികൾ ഓൺലൈനിൽ സ്വീകരിക്കുന്നത്.  എല്ലാ മൂന്നാം ശനിയാഴ്ച കളിലും ഇത്തരത്തിലുള്ള അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.   വിവിധ വകുപ്പുകൾക്കായി പ്രതേ്യകം സജ്ജീകരിച്ച 30 കൗണ്ടറുകളിലൂടെ 350 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്.  ഇതിൽ 175 അപേക്ഷകൾ വേദിയിൽ തീർപ്പാക്കി.  ശേഷിക്കുന്ന പരാതികളിന്മേൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.   മുഖ്യമന്ത്രിയുടെ പ്രതേ്യക നിദേശപ്രകാരം കളക്ടർമാരുടെ നേതൃത്വത്തിൽ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതിപരിഹാര അദാലത്തുകൾ ഏകീകരിച്ച ശേഷം ജില്ലയിൽ നടത്തുന്ന ആദ്യ അദാലത്തായിരുന്നു ചിറയിൻകീഴിലേത്.   ഉദ്ഘാടന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, എ.ഡി.എം. ജോൺ വി. സാമുവൽ, ഹുസൂർ ശിരസ്തദാർ ജി. പ്രദീപ് കുമാർ, ചിറയിൻകീഴ് തഹസീൽദാർ എഫ്. ക്ലമന്റ് ലോപ്പസ് തുടങ്ങിയവർ സംബന്ധിച്ചു.