മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ രാജാ റാം വിളിച്ചു ചേർത്ത ഇന്റർ സെക്ടർ കോർഡിനേഷൻ യോഗത്തിലാണ് തീരുമാനം. ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. എ ഡി എം സി.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റെറ്റിസ് എ തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇതിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും. ആരോഗ്യ ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വിവിധ വകുപ്പുകളുമായി ചേർന്ന് കൊതുക് നിർമ്മാർജ്ജനത്തിനായുള്ള നടപടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി. ജില്ലയിലെ കഴിഞ്ഞ മൂന്നു വർഷത്തെ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങളും യോഗം ചർച്ച ചെയ്തു.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി യോഗം വിലയിരുത്തി. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.