ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് പരിഹരിച്ചു. മുണ്ടക്കയം കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ശമ്പള കുടിശ്ശിക നാളെ ( ജൂണ്‍ 23 ) തന്നെ കൊടുക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കി. തിങ്കളാഴ്ചയ്ക്കകം വിതരണം പൂര്‍ത്തിയാക്കും. ലീവ് ക്യാഷ് ഈ മാസം 30 നുള്ളില്‍ കൊടുക്കും. ബാങ്ക് ലോണ്‍ കുടിശ്ശിക എത്രയും വേഗം മാനേജ്മെന്റ് സെറ്റില്‍ ചെയ്യും. പിഴ പലിശ കൊടുക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍വാഹമില്ല.

ഗ്രാറ്റുവിറ്റി നിയപരമായി ഈടാക്കുന്നതാണോ എന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഏത് രീതിയില്‍ തീര്‍പ്പാക്കാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. പി.എഫ് കുടിശ്ശിക നല്‍കാന്‍ മാനേജ്മെന്റിന് അല്‍പം സമയം നല്‍കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേരും.

തേക്ക് മരങ്ങള്‍ മുറിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കും. എസ്റ്റേറ്റിലെ പ്രധാന മേഖലകള്‍, തൊഴിലാളികളുടെ ലയങ്ങള്‍ എന്നിവ മന്ത്രി സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
വാഴൂര്‍ സോമന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , തൊഴില്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.