ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഹൈടെക്കായി മാറി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിനായി 4.93 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം നിർമാണം പൂർത്തിയായി. ജൂലൈ നാലിന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനാവും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാവും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം നഗരസഭ 23-ാം വാർഡിലാണ് കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 18
ഹൈടെക്ക് ക്ലാസ്മുറികൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, ശുചിമുറികൾ, ഡൈനിംഗ് ഹാളുകൾ, ഉച്ചഭക്ഷണം തയാറാക്കാനായുള്ള അടുക്കള എന്നിവയാണ് മൂന്നുനിലകളുള്ള പുതിയ കെട്ടിടത്തിലുള്ളത്. 2037.42 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ് കെട്ടിടത്തിനുള്ളത്. നിലവിൽ 460 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.