മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരത്തിന് കൊച്ചിയിൽ തുടക്കമായി. കേരള നോളജ് ഇക്കണോമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന തൊഴിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതല ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗവും സംഘാടകസമിതി രൂപീകരണവും തോപ്പുംപടി റൊസാരിയോ ഹാളിൽ കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ പൈലറ്റ് പ്രവർത്തനങ്ങൾ കൊച്ചി മണ്ഡലം ഉൾപ്പെടെ, സംസ്ഥാനത്തെ 9 തീരദേശ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുക വഴി കൊച്ചിയിലെ അഭ്യസ്ത വിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥികൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കും.

മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 18നും59 വയസ്സിനും ഇടയിൽ പ്രായമുള്ള പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി തൊഴിൽ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശികതലത്തിൽ ബോധവൽക്കരണ പരിപാടികൾ, കമ്മ്യൂണിറ്റി വളണ്ടിയർമാരെ തിരഞ്ഞെടുക്കൽ, പ്രാദേശിക സംഗമങ്ങൾ, തൊഴിൽ ക്ലബ് രൂപീകരണം എന്നിവ നടത്തും.

കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള നോളജ് മിഷൻ ഡയറക്ടർ ഡോക്ടർ പി.എസ് ശ്രീകല പദ്ധതി അവതരണം നടത്തി. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബേബി തമ്പി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, കേരള നോളജ് ഇക്കണോമി മിഷൻ ജില്ല പ്രോഗ്രാം മാനേജർ മിഥു പ്രസാദ്, കുടുംബശ്രീ കൊച്ചി കോർപ്പറേഷൻ വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ നബീസ ലത്തീഫ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ പി.ബി ഡാലോ എന്നിവർ യോഗത്തിൽ പങ്കെടുത്തു.