പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റ് രൂപപ്പെടുത്തിയ ഹൈസ്‌കൂള്‍ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റില്‍കൈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടപ്പിലാക്കുന്നതിന് ഓരോ യൂണിറ്റിലേക്കും ലഭ്യമാക്കുന്ന പരിശീലന മോഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.
ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ ഒരു വര്‍ഷം ഏഴു മൊഡ്യൂളുകളിലായി 25 ആഴ്ചകളില്‍ നടപ്പിലാക്കുന്ന യൂണിറ്റ്തല പരിശീലന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളാണ് ഈ കൈപ്പുസ്തകത്തിലുള്ളത്. യൂണിറ്റ്തല പ്രവര്‍ത്തനങ്ങളോടൊപ്പം അധിക പ്രവര്‍ത്തനങ്ങളും അനുബന്ധമായി ഹാന്‍ഡ്ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാന്‍ഡ്ബുക്കിനെ അടിസ്ഥാനമാക്കി നടപ്പിലാക്കേണ്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ റിസോഴ്‌സുകളും സേഫ്ട്‌വെയര്‍ പാക്കേജുകളും ഓരോ യൂണിറ്റിനും പ്രതേ്യകമായി ലഭ്യമാക്കുന്നുണ്ട്. പ്രകാശന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ സംബന്ധിച്ചു.