കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ജാഗ്രത സമിതി കൺവീനർമാർക്കുള്ള ഏകദിന പരിശീലനം നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ കലക്ടർ എ ഗീത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി വിരുദ്ധ ഇടങ്ങളായി മാറ്റുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സംയുക്തമായി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

ഓരോ വിദ്യാലയത്തിലും കൗമാര ശക്തീകരണ പരിപാടികൾ, ടീൻസ് ക്ലബ്ബുകൾ തുടങ്ങിയവ രൂപീകരിക്കണമെന്നും ജൂലൈ 15 നു മുമ്പ് പരമാവധി വിദ്യാലയങ്ങൾ ലഹരി, പുകയില വിരുദ്ധ ക്യാമ്പസുകളാക്കി മാറ്റുന്നതിന്റെ പ്രഖ്യാപനം നടത്തണമെന്നും സ്കൂൾ ജാഗ്രതാ സമിതി കൺവീനർമാരോട് ജില്ലാ കലക്ടർ പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടലുകൾ നടത്തും.

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ.ഉമേഷ്, സ്കൂൾ ഹെൽത്ത് പ്രോഗ്രാം അംഗം സുജീറ നബീൽ, പുറമേരി ജാഗ്രത സമിതി ഉപദേശക സമിതി അംഗം ശശികുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ജാഗ്രതാ സമിതിയുടെ പ്രവർത്തന പദ്ധതി ജില്ലാ കോർഡിനേറ്റർ ശാന്ത അവതരിപ്പിച്ചു.

സബ് കലക്ടർ വി.ചെൽസാസിനി, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സി, കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുനാസർ, സമഗ്ര ശിക്ഷ കേരള ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റർ ഡോ.അബ്ദുൽ ഹക്കീം, സന്തോഷ് നിസ്വാർത്ഥ ഡോ. കെ എം സോഫിയ എന്നിവർ സംസാരിച്ചു.