*പെയിന്റ് കമ്പനികളുടെ സഹകരണത്തോടെ സർക്കാർ സ്‌കൂളുകളും അങ്കണവാടികളും നവീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
പ്രളയത്തിൽത്തകർന്ന കേരളത്തെ പുനർനിർമിക്കാൻ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നവകേരള നിർമാണത്തിന്റെ ഭാഗമായി ഡ്യൂറോലാക് പെയിന്റ് കമ്പനി അമ്പതുലക്ഷം രൂപ ചെലവിട്ട് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളും അംഗൻവാടികളുംനവീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കരമന നെടുങ്കാട് യു.പി. സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണുണ്ടായത്. പതിനായിരക്കണക്കിന് വീടുകളും വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും. ഇവ പുനർനിർമിക്കാൻ വലിയ ധനസമാഹരണം നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വ്യവസായികളുടെ സഹകരണം സർക്കാർ അഭ്യർത്ഥിച്ചിരുന്നു. കേരളത്തിൽ വിതരണം നടത്തുന്ന പെയിന്റ് കമ്പനിക്കാർ മാർക്കറ്റ് വിലയുടെ അമ്പതു ശതമാനം കുറച്ച് പെയിന്റ് ഉത്പന്നങ്ങൾ വിതരണം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡ്യൂറോലാക് പെയിന്റ് കമ്പനി ആന്റി ബയോട്ടിക് സാങ്കേതികവിദ്യയിലുള്ള പെയിന്റുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളും അങ്കണവാടികളും നവീകരിക്കാൻ മുന്നോട്ടു വന്നതിൽ സന്തോഷമുണ്ടെന്നും സർക്കാരിനുവേണ്ടി കമ്പനിക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
മേയർ വി.കെ. പ്രശാന്ത്, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. സുദർശനൻ, പാളയം രാജൻ, എസ്. പുഷ്പലത, പി.ടി.എ. പ്രസിഡന്റ് ഉഷ, ഹെഡ്മിസ്ട്രസ് സുനിതകുമാരി എസ്., ഡ്യൂറോലാക് പെയിന്റ്സ് ഡയറക്ടർ കെ.പി.അനിൽദേവ് തുടങ്ങിയവർ സംബന്ധിച്ചു.