കേരളത്തില്‍ പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലാണെന്നും ശക്തിപ്പടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനില്‍ പുതുതായി അനുവദിച്ച സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ എണ്ണം 16,500 എന്നതില്‍ നിന്ന ു12,500 ആയി ചുരുങ്ങി. പെര്‍മിറ്റ് ലഭിച്ച സ്ഥലങ്ങളില്‍ ബസുകള്‍ ഓടിക്കാന്‍ തയാറാകുന്നില്ല. വ്യക്തിഗത സ്വകാര്യവാഹനങ്ങളിലേക്ക് യാത്രക്കാര്‍ മാറുന്നതാണ് ഇതിന്റെ കാരണം. റോഡുകളില്‍ വാഹനപ്പെരുപ്പം ഉണ്ടാവാനും ഇടയാകുന്നു. ഈ അവസ്ഥ മാറാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിക്കടി വര്‍ധിച്ചുവരുന്ന ഡീസല്‍ വിലയുടെ പശ്ചാത്തലത്തിലാണ് കാലോചിതമായ പരിഷ്‌ക്കാരം ഓട്ടോ ടാക് സി നിരക്കിലുമുണ്ടാവുന്നത്. അതിവേഗം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന പേരാമ്പ്രയുടെ പ്രവര്‍ത്തനമികവിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസെന്നും മന്ത്രി പറഞ്ഞു. ‘
സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതാണ് ആര്‍ടി ഓഫിസുകള്‍. പേരാമ്പ്ര മേഖലയിലുള്ളവര്‍ക്ക് കൊയിലാണ്ടിയെയോ വടകരയെയോ ആശ്രയിക്കേണ്ട ഗതിയായിരുന്നു. ഈ അവസ്ഥയ്ക്കാണ് മാറ്റം വന്നിരിക്കുന്നത്. കെഎല്‍ 77എന്ന ആകര്‍ഷകമായ കോഡ് നമ്പറാണ് പേരാമ്പ്ര ആര്‍ടി ഓഫിസിനു ലഭിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ എല്ലാ താലൂക്കുകളിലും ആര്‍ടി ഓഫിസുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹനനിയമങ്ങള്‍ ശക്തിപ്പെടുത്തും. നിയമലംഘനങ്ങള്‍ക്കു പിടിക്കപ്പെടുന്നവര്‍ക്കു ശുപാര്‍ശയുമായി വരുന്ന പ്രവണത നേതാക്കളുടെയും മറ്റും ഭാഗത്തു നിന്നും ഉണ്ടാവരുത്. പേരാമ്പ്രയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ശാസ്ത്രീയമായ സിഗ്‌നല്‍ സംവിധാനങ്ങളും ക്യാമറകളും സ്ഥാപിക്കാന്‍ നടപടിയെടുക്കും. എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് പരിശോധന സെന്ററുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
മിനിസിവില്‍ സ്റ്റേഷനില്‍ രണ്ടു നിലകൂടി പണിയാന്‍ അനുമതി നല്‍കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴില്‍ എകസൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. മിനിസിവില്‍സ്റ്റേഷന്റെ ഒന്നാംനിലയിലാണ് കെ.ക.രാജീവ് ജോയിന്റ് ആര്‍ടിഒ ആയി പേരാമ്പ്ര സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ സ്വാഗതം പറഞ്ഞു. ഉത്തരമേഖല ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഡോ.പി.എം.നജീബ് റിപ്പോര്‍ട് അവതരിപ്പിച്ചു. ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഐഎഎസ്, എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, പഞ്ചായത്ത്  പ്രസിഡന്റുമാരായ കെ.എം.റീന, സി.എന്‍. ബാലകൃഷ്ണന്‍, പി.എന്‍.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.