ജില്ലാ വികസന സമിതി യോഗം

ജില്ലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്ത ത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലങ്ങളിൽ ശക്തമായി നടപ്പാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പ കളുടെ യും സഹകരണ ത്തോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ, കന്നുകാലി അനുബന്ധ തൊഴിൽ ചെയ്യുന്നവർ, കർഷകർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ഡോക്സി സൈക്ലിൻ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഉറവിട നശീകരണത്തിന്റെ ഭാഗമായി ഫോഗിംഗ്, സ്പ്രേയിങ്, വഴിയരികിലെ കാടുകൾ വെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. പകർച്ചവ്യാധികൾ കൂടുതലായി കണ്ടുവരുന്ന സ്ഥലങ്ങളിൽ ഇത് വേഗത്തിൽ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

റോഡരികിൽ കിടക്കുന്ന ആവശ്യമില്ലാത്ത പൈപ്പുകൾ കൊതുകിന്റെ ഉറവിടമാകുന്നതിനാൽ നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. തീരപ്രദേശങ്ങളിൽ വള്ളങ്ങളിലും ബോട്ടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ, ശനിയാഴ്ച സ്ഥാപനങ്ങളിൽ, ഞായറാഴ്ച വീടുകളിൽ എന്നിങ്ങനെ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ഉറവിട നശീകരണം ഉറപ്പാക്കും.

തെരുവ് നായ്ക്കളെ വന്ധ്യകരണം ചെയ്യുന്നതിനായി വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളിൽ ജൂലൈ മാസത്തോടുകൂടി എ.ബി.സി ക്ലിനിക് യാഥാർത്ഥ്യമാകും. ബ്രഹ്മപുരത്ത് നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് പുതിയ എ ബി.സി യൂണിറ്റ് നിർമ്മിക്കും.

ഭരണഘടന നിർമാണസഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായിരുന്ന ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാൻ അവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ 27 പട്ടികജാതി കുടുംബങ്ങളുടെ സ്ഥലവും ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്കായി വാങ്ങിയ സ്ഥലവും പോക്കുവരവ് ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ നിർദേശിച്ചു

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കടലാക്രമണം തടയുന്നതിന് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ, കനാലുകളുടെ ശുചീകരണ പ്രവർത്തനം എന്നിവയും വിലയിരുത്തി. വൈപ്പിൻ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം സജ്ജമാക്കുന്നതിന് എത്രയും പെട്ടെന്ന് ലാപ് ടോപ്പുകൾ സജ്ജമാക്കണം. പള്ളിപ്പുറത്തെ സൈക്ലോൺ ഷെൽട്ടറിൽ അടിസ്ഥാന സൗകര്യമുറപ്പാക്കി പ്രവർത്തന സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചേരാനല്ലൂർ രജിസ്ട്രാർ ഓഫീസ് എറണാകുളം സൗത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ടി.ജെ വിനോദ് എം.എൽ.എ നിർദേശിച്ചു. ചിറ്റൂർ വടുതല മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് എം.എൽ. എ പറഞ്ഞു. നഗരത്തിൽ ഇറച്ചിക്കടകളിലും, ഹോട്ടലുകളിലും പഴകിയ മാംസപദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനും, കുട്ടികളുടെ ഇടയിലെ മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കാനും പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണർ എസ്. മാധവിക്കുട്ടി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ പി.എ. ഫാത്തിമ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.