കോഴിക്കോട്: ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബസ് ഏര്‍പ്പെടുത്തുന്നതിനായി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 18 ലക്ഷം രൂപ അനുവദിക്കുമെന്നു തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌കൂളിലേക്കുള്ള ഗതാഗത സംവിധാനങ്ങളുടെ കുറവ് പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ചാനിയം കടവ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു തടസമായതു പ്രളയദുരന്തമാണ്. റോഡുപണി എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ആവളപ്പാണ്ടിയിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയെ തിരിച്ചുപിടിക്കാന്‍ കര്‍ഷകര്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നില്‍ക്കും. കൂടുതല്‍ ഭൂമി കൃഷി യോഗ്യമാക്കണ മെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനു തയാറെടുക്കുകയാണ് പേരാമ്പ്ര മണ്ഡലം. മേപ്പയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളും മികവിന്റെ കേന്ദ്രമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ സ്‌കൂളുകളില്‍ സ്മാര്‍ട് ക്ലാസ്‌റൂമുകള്‍ ഒരുക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മറ്റേതൊരു സ്‌കൂ ളിനോടും കിടപിടിക്കുന്ന വിധത്തില്‍ ഗ്രാമീണ മേഖലയിലെ സ്‌കൂളായ കുട്ടോത്ത് ജിഎച്ചഎസ്എസ് വളര്‍ന്നുവെന്നും ഭാവിവികസനത്തിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. പുതിയ ബ്ലോക്കിന്റെ നിര്‍മാണം അടക്കമുള്ള നവീകരണ പ്രവൃത്തികള്‍ സ്‌കൂളിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലാവട്ടെ യെന്ന് മന്ത്രി ആശംസിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണപ്രവൃത്തികള്‍ ഈയാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു രണ്ടുകോടി രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്. ചടങ്ങില്‍ ഹൈടെക് ക്ലാസ്‌റൂം പ്രഖ്യാപനം ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജുവും വിജയോത്സവം രൂപരേഖാ പ്രകാശനം ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കലും നിര്‍വഹിച്ചു. കണ്ണങ്കോട്ട് മൊയ്തുവിന്റെ സ്മരണയ്ക്ക് സ്‌കൂളില്‍ കിണര്‍ നിര്‍മിക്കാനായി 2.90 ലക്ഷം രൂപയുടെ ചെക്ക് മകന്‍ റാഷിദ് കണ്ണങ്കോട്ട് മന്ത്രിക്ക് കൈമാറി.സ്‌കൂള്‍ വിദ്യാര്‍ഥികളും സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പ്രത്യേകമായും സമാഹരിച്ച തുകകളും ദുരിതാശ്വാസനിധിയിലേക്കു നല്‍കാനായി മന്ത്രിക്കു കൈമാറി.
ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായ ചടങ്ങില്‍ മണ്ഡലം വികസന കമ്മിഷന്‍ ചെയര്‍മാന്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബാബു പയ്യത്ത്, കെ.നാരായണക്കുറുപ്പ്, നഫീസ കൊയിലോത്ത്, കെ.കുഞ്ഞികൃഷ്ണന്‍, ബിനീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ എ.ജയാനന്ദന്‍ നിര്‍മാണപ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രിന്‍സിപ്പാള്‍ എ.ബാബു അക്കാദമിക് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.