പ്രളയം തകര്‍ത്ത മഞ്ചാടിക്കരി പാടശേഖരം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. ഒക്ടോബര്‍ രണ്ടാംവാരം അടുത്ത വിത്തിറക്കാനാണ് പാടശേഖര സമിതിയുടെ തീരുമാനം. ആര്‍പ്പുക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട പാടശേഖരമാണ് മഞ്ചാടിക്കരി. 302 ഏക്കറില്‍ കതിരണിഞ്ഞുനിന്ന പാടത്ത് കൊയ്യാന്‍ വെറും 15 ദിവസം ബാക്കിനില്‍ക്കെയാണ് പ്രളയം ആര്‍ത്തലച്ചെത്തിയത്. ഏക്കറിന് 35 ക്വിന്റല്‍ നെല്ലാണ് വെള്ളത്തിനടിയിലായത്. പരമ്പരാഗതരീതിയില്‍ വെള്ളം തേകാന്‍ ഉപയോഗിക്കുന്ന പെട്ടിയും പറയും വെള്ളപൊക്കത്തില്‍ നശിച്ചതാണ് വിളവെടുപ്പിനെ ബാധിച്ചത്. മോട്ടോര്‍ കേടായതിനെ തുടര്‍ന്ന് കൃത്യസമയത്ത് പ്രളയജലം തേകിക്കളയാന്‍ സാധിച്ചില്ല. പ്രളയക്കെടുതിയില്‍ മോട്ടോറുകള്‍ക്ക് മാത്രമായി ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പാടശേഖരത്തില്‍ മൊത്തം മൂന്ന് പെട്ടിയും പറയും ആണുള്ളത്. രണ്ട് 50 കുതിരശക്തി വീതമുള്ളതും ഒരു 30 എച്ച് പിയുടേതുമാണ് ഇതിന്റെ മോട്ടോറുകള്‍. പ്രളയത്തില്‍ മോട്ടോറുകള്‍ നശിക്കുകയും സ്റ്റാര്‍ട്ടില്‍ ഓയില്‍ കയറി ബെല്‍റ്റ് നശിക്കുകയും ചെയ്തിരുന്നു. കര്‍ഷകര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഈ പെട്ടിയും പറയും ഉപയോഗിച്ചിരുന്നത്. വെള്ളം ഇറങ്ങിയതിനു ശേഷം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മോട്ടോറുകള്‍ നന്നാക്കിയെടുത്ത് പമ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. 171 കര്‍ഷകരാണ് മഞ്ചാടിക്കരി പാടശേഖരത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്. പ്രളയക്കെടുതി പ്രദേശങ്ങള്‍ നേരില്‍ കാണാനെത്തിയ കേന്ദ്ര സംഘം മഞ്ചാടിക്കരി പാടശേഖരത്തിലെ പെട്ടിയും പറയും സന്ദര്‍ശിച്ചിരുന്നു. പാടശേഖരങ്ങളില്‍ പരമ്പരാഗതരീതി ഉപേക്ഷിച്ച് ആക്‌സില്‍ ഫ്‌ളോര്‍ പമ്പ് ഉപയോഗിക്കുന്നതിന് കൃഷി വകുപ്പ് കേന്ദ്ര സംഘത്തിന് നിര്‍ദ്ദേശം വെച്ചു. ഒറ്റയടിക്ക് മാറ്റം വരുത്തിയാല്‍ ലക്ഷങ്ങള്‍ ചെലവു വരുന്നതിനാല്‍ ലോണെടുത്ത് ഘട്ടംഘട്ടമായി പുതിയ പമ്പിന്റെ പണി പൂര്‍ത്തിയാക്കാനാണ് സംഘം നിര്‍ദേശിച്ചിരിക്കുന്നത്. ഊര്‍ജസംരക്ഷണം കണക്കിലെടുത്ത് പാടശേഖരങ്ങളില്‍ ആക്‌സില്‍ ഫ്‌ളോര്‍ പമ്പുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. തറനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ബീമിന്റെ മുകളിലാണ് ഇത്തരം പമ്പുകളുടെ മോട്ടോറുകള്‍ പിടിപ്പിക്കുന്നത്. അതിനാല്‍ പ്രളയജലം അതിജീവിക്കാനാവും. മെയിന്റനന്‍സ് ചെലവും കുറവായിരിക്കും. പെട്ടിയും പറയും മോട്ടോര്‍ വര്‍ഷാവര്‍ഷം മെയിന്റനന്‍സ് നടത്താന്‍ പാടശേഖര സമിതിയ്ക്ക് 70,000 രൂപയോളം ചെലവു വരും. ഇതൊഴിവാക്കാനാണ് കൃഷിവകുപ്പ് ആക്‌സില്‍ ഫ്‌ളോര്‍ പമ്പുകളുടെ നിര്‍മ്മാണം കേന്ദ്രസംഘത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്.പുതിയ തീരുമാനം നടപ്പിലാക്കുന്ന പക്ഷം മഞ്ചാടിക്കരി പാടശേഖരമുള്‍പ്പെടെ വയലുകളെല്ലാം തന്നെ ഇനിയൊരു പ്രളയം അതിജീവിക്കാനുള്ള കരുത്ത് നേടും.
