നെല്ല് സംഭരിച്ച വകയിൽ ഈ വർഷം ഏപ്രിൽ മുതൽ ജൂൺ 23 വരെ കർഷകർക്ക് 437.77 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ഈ കാലയളവിൽ നെൽ കർഷകർക്ക് വിതരണം ചെയ്യാനായി 700 കോടി രൂപയാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്തത്. ഇതിൽ നിന്നാണ് 437.77 കോടി രൂപ വിതരണം ചെയ്തത്. ബാക്കി തുക ഉടൻ തന്നെ കൊടുത്തു തീർക്കും.
2022-23 വർഷം 2,48,530 കർഷകരിൽ നിന്ന് 7.28 ലക്ഷം മെട്രിക് ടൺ നെല്ലാണ് സർക്കാർ സംഭരിച്ചത്. ഇതിലേക്ക് കർഷകർക്ക് 2053 കോടി രൂപ നൽകാനുള്ളതിൽ 740.38 കോടി രൂപ നേരിട്ടും 194.19 കോടി രൂപ പി.ആർ.എസ് മുഖേനയും കേരള ബാങ്ക് മുഖേനയുമായി ആകെ 934.57 കോടി രൂപ മാർച്ച് 30 വരെ വിതരണം ചെയ്തു കഴിഞ്ഞു. ഇതിന് പുറമെയാണ് ഏപ്രിലിന് ശേഷം 437.77 കോടി രൂപ നൽകിയത്.