പാലക്കാട് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മൂന്നുപേരടങ്ങുന്ന കേന്ദ്രസംഘം സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുമായി ചര്‍ച്ച നടത്തി ജില്ലയിലെ നാശനഷ്ടസ്ഥിതി ഗതികള്‍ വിലയിരുത്തി. എല്ലാ വകുപ്പ് ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ അടിയന്തരസാഹര്യത്തില്‍ വകുപ്പുകള്‍ ചെലവിട്ട തുക ഉള്‍പ്പെടുത്തി കൊണ്ടുളള നാശനഷ്ടകണക്കുകള്‍ സമര്‍പ്പിക്കാന്‍ സംഘം നിര്‍ദ്ദേശിച്ചു. തകര്‍ന്ന റോഡുകള്‍ സംബന്ധിച്ച് പഞ്ചായത്ത്, വില്ലേജ് തലത്തില്‍ വേറിട്ട് വിവരം സമര്‍പ്പിക്കാനും സംഘം നിര്‍ദ്ദേശിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം പാലക്കാട് ജില്ലയില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഏകദേശം എഴുപത്തിയഞ്ച് ശതമാനം മഴ ആഗസ്റ്റ് മാസത്തോടെ കൂടുതല്‍ ലഭ്യമായതായി റവന്യു അധികൃതര്‍ സംഘത്തെ അറിയിച്ചു. 1459.2 മില്ലിമീറ്ററിന്റെ സ്ഥാനത്ത് 2412.31 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ മഴ കനത്ത സാഹചര്യമാണ് പൊടുന്നനെയുളള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളപ്പൊക്കത്തിനു പുറമെ രോഗബാധയും ജില്ലയിയെ കൃഷിനാശത്തിന് കാരണമായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഒട്ടേറെ ബണ്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് രണ്ടാംവിള കൃഷിയിറക്കലും അനിശ്ചിതത്വത്തിലാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ജില്ലയില്‍ മൊത്തം 165-ഓളം റിലീഫ് ക്യാമ്പുകള്‍ തുറന്നു. നിലവില്‍ ജില്ലയില്‍ ക്യാമ്പുകള്‍ ഒന്നു തന്നെയില്ല. പൊലീസ്, ഫയര്‍ഫോഴ്സ് വിഭാഗത്തിന് പുറമെ ദേശീയദുരന്തനിവാരണ വിഭാഗം, എം.ഇ.ജി, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്. എയര്‍ഫോഴ്സ്. വിഭാഗങ്ങളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയതായി സംഘത്തെ അറിയിച്ചു. നീതി ആയോഗ് അഡ്വൈസര്‍ ഡോ.യോഗേഷ് സുരി, കേന്ദ്ര കുടിവെളളവിതരണം , ശുചിത്വ വകുപ്പ് മന്ത്രാലയം അഡീ.അഡ്വൈസര്‍ ഡോ.ദിനേഷ് ചന്ദ്് , കേന്ദ്ര-റോഡ് ഗതാഗതം-ഹൈവേ മന്ത്രാലയം റീജിനല്‍ ഓഫീസര്‍ വി.വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിലെത്തിയത്. സംസ്ഥാന ദുരന്തനിവാരണ വിഭാഗം സെക്ഷന്‍ ഓഫീസര്‍ സിജി.എം.തങ്കച്ചന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

കേന്ദ്രസംഘം നെല്ലിയാമ്പതി റോഡ് നിരീക്ഷിച്ചു
കേന്ദ്ര സംഘം മഴക്കെടുതിയില്‍ തകര്‍ന്ന പോത്തുണ്ടി-നെല്ലിയാമ്പതി റോഡുകള്‍ നിരീക്ഷിച്ചു വിലയിരുത്തി. പുറമെ കുണ്ടറചോല പാലം, മീഞ്ചാടി തേക്കും പ്ലാന്റേഷന്‍, പതിനാലാം മൈല്‍, ചെറുനെല്ലി എന്നിവിടങ്ങളിലും തേവര്‍മണി പാടശേഖവും സംഘം സന്ദര്‍ശിച്ചു. പറയമ്പിള്ളം പാടശേഖരം സമിതി ഭാരവാഹികളുമായി സംഘം സംവദിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്സ്, പാലക്കാട് ഡിവിഷ്ന്‍ പി.ഡബ്ള്‍.യൂ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ശ്രിലേഖ നെല്ലിയാമ്പതി റോഡ് സംബന്ധിച്ച് വിശദീകരിച്ചു. പാലക്കാട്, പോത്തുണ്ടി എന്നിവിടങ്ങളെ നെല്ലിയാമ്പതിയുമായി ബന്ധപ്പെടുത്തുന്ന കുണ്ടറച്ചോല പാലം വരെയുളള 20 കി. മീറ്ററോളം മണ്ണിടിച്ചലും, പാറകള്‍ തകര്‍ന്നതിനെ തുടര്‍ന്നും തടസ്സപ്പെട്ടിരുന്നു. കുണ്ടറച്ചോല പാലം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇപ്പോള്‍ താത്ക്കാലികമായി നിര്‍മിച്ചിരിക്കൂന്ന കുണ്ടറ പാലത്തിലൂടെ ഭാരവാഹനങ്ങള്‍ ഒന്നും തന്നെ കടത്തി വിടുന്നില്ല. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ആര്‍.ഡി.ഒ പി. കാവേരിക്കുട്ടി, ചിറ്റൂര്‍ തഹസില്‍ദാര്‍ കെ.രമ, ദുരന്തനിവാരണ അതോറിറ്റി വിഭാഗം അധികൃതരും കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.

കേന്ദ്രസംഘം പാലക്കാട്ടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി
മഴക്കെടുതി വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര സംഘം നെല്ലിയാമ്പതി റോഡുകള്‍ നിരീക്ഷിച്ച ശേഷം പാലക്കാട് നഗരസഭയിലെ വില്ലേജ്-2 വില്‍ ശംഖുവാരത്തോട്, കുമാരസ്വാമി, സുന്ദരം കോളനി എന്നിവിടങ്ങളിലെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പാലക്കാട് -2 വില്ലേജില്‍ 618 വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നിരിക്കുന്നത്. എ.ഡി.എം ടി.വിജയന്‍, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സംഘം മണ്ണാര്‍ക്കാട് സന്ദര്‍ശിച്ചു.

കേന്ദ്രസംഘം മണ്ണാര്‍ക്കാട്ടെ പ്രളയക്കെടുതി വിലയിരുത്തി
പ്രളയക്കെടുതി വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര സംഘം മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോ പ്പാടം വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായ കരടിയോട് സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ 7.5 ഏക്കര്‍ കൃഷി സ്ഥലം നശിച്ചതായി കര്‍ഷകര്‍ അറിയിച്ചു. 18 പേരുടെ കൃഷിയാണ് ഒഴുകി പോയിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകരില്‍ നിന്നും കൃഷി ഓഫീസറില്‍ നിന്നും സംഘം ചോദിച്ചറിഞ്ഞു. തെങ്ങ്, കവുങ്ങ്, വാഴ, റബര്‍ തുടങ്ങിയ കൃഷികളാണ് നശിച്ചിരിക്കുന്നതെന്നും വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. പ്രദേശത്തെ 14 പൗള്‍ട്രി ഫാമുകള്‍ നശിച്ചതു മൂലം 12000 കോഴികളെ നഷ്ടപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളും സംഘം കര്‍ഷകരില്‍ നിന്നും ശേഖരിച്ചു. മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോ പ്പാടം, അലനല്ലൂര്‍, കരിമ്പ ഗ്രാമ പഞ്ചായത്തുകളിലെ ആദിവാസികള്‍ പ്രളയക്കെടുതി അനു ഭവിച്ചതായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജലക്ഷ്മി അറിയിച്ചു. ഇവര്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും 10000 രൂപ ധനസഹായം നല്‍കിയതായും അവര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ.ഡി.എം ടി.വിജയന്‍ , പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ഉഷ , റവന്യൂ വകുപ്പുദ്യോഗസ്ഥര്‍, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.