സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ആനുപാതികമായ തൊഴിലിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രൈഡ് പദ്ധതി മൂന്നു വർഷം കൊണ്ടു ലക്ഷ്യം നേടണമെന്നു സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. ട്രാൻസ്ജെൻഡർ വ്യക്തികളെ അവരുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള ജോലികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യ നീതി വകുപ്പുമായി ചേർന്നു കേരള നോളജ് ഇക്കോണമി മിഷൻ ആരംഭിക്കുന്ന ‘പ്രൈഡ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള സാമ്പ്രദായിക ധാരണകളെ മുറിച്ചുകടക്കാൻ ഇപ്പോഴും സമൂഹത്തിനു കഴിഞ്ഞിട്ടില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അറുപഴഞ്ചൻ ചിന്താരീതികളും വിശ്വാസപ്രമാണങ്ങളും ട്രാൻസ്ജെൻഡർ സമൂഹത്തിനു ഭീഷണിയുയർത്തുന്നുണ്ട്. ഇവർ അനുഭവിക്കുന്ന സങ്കടങ്ങളും നിവൃത്തികേടുകളും പരിഹരിക്കുന്നതിനും, ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടാൻതക്കവിധം സജ്ജരാക്കുകയും ചെയ്യുന്നതിന് സാമൂഹ്യ നീതി വകുപ്പ് ആത്മാർഥമായ പരിശ്രമമാണു നടത്തുന്നത്. ഇതിന്റെ ഭാഗമായാണു ‘പ്രൈഡ്’ പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ നൽകുന്ന സാമ്പത്തിക സ്വയംപര്യാപ്തതയെന്നത് ഈ വിഭാഗത്തിൽപ്പെട്ടവർക്കു വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന യാഥാർഥ്യം മുൻനിർത്തിക്കൂടിയാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
വൈജ്ഞാനിക തൊഴിലിൽ തത്പരരായ പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ട്രാൻസ്ജെൻഡർ വ്യക്തികളെ കണ്ടെത്തി അവർക്കായി റെസിഡൻഷ്യൽ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമാക്കുകയെന്നതാണു പ്രൈഡ് പദ്ധതിയുടെ ലക്ഷ്യം. ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തവരുമായ ട്രാൻസ്ജെൻഡർ വ്യക്തികൾ, സാമൂഹ്യ നീതി വകുപ്പിന്റെ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന ട്രാൻസ് വ്യക്തികൾ എന്നിവരാണ് ഗുണഭോക്താക്കൾ. ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത തൊഴിൽ ദാതാക്കൾ ലഭ്യമാക്കുന്ന തൊഴിലവസരങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ, ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ പോളിസി നടപ്പാക്കാൻ സന്നദ്ധരായ സ്ഥാപനങ്ങൾ എന്നിവയാണു പദ്ധതിയുടെ ഭാഗമായ തൊഴിൽ മേഖലകൾ.
തിരുവനന്തപുരം തൈക്കാട് കെ.എസ്.ഐ.എച്ച്.എഫ്.ഡബ്ല്യു. ട്രെയിനിങ് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കൗൺസിലർ ജി. മാധവദാസ്, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി. മധുസൂദനൻ, എസ്.സി.ഇ.ആർ.ടി. കരിക്കുലം കമ്മിറ്റി അംഗം ശ്യാമ എസ്. പ്രഭ തുടങ്ങിയവർ പങ്കെടുത്തു.