നെല്ലുസംഭരണ പദ്ധതി പ്രകാരം കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിൽ ഉണ്ടായ കാലതാമസത്തിന്റെ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിഷയത്തിൽ തുടർനടപടികൾ കൈക്കൊള്ളാൻ ധനം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വിദ്യുച്ഛക്തി വകുപ്പ് മന്ത്രിമാരടങ്ങുന്ന ഉപസമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. സമിതി വിഷയം വിശദമായി ചർച്ച ചെയ്യുകയും മെയ് 16ന് ശേഷം സംഭരിച്ച നെല്ലിന്റെ വില വായ്പയായി കർഷകർക്ക് നൽകുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി ഇന്നുതന്നെ ആവശ്യമായ കൂടിയാലോചനകൾ നടത്തുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ബിശ്വനാഥ് സിൻഹയെ ചുമതലപ്പെടുത്തി.
അടുത്ത സംഭരണ സീസൺ മുതൽ സമയബന്ധിതമായി നെല്ലെടുക്കാനും വില യഥാസമയം തന്നെ കർഷകർക്ക് വിതരണം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുൻകൂട്ടി നടപടികൾ സ്വീകരിക്കാനും സമിതി നിർദേശം നൽകി.