നാദാപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്കായി വനിത ടെക് സഭ സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ അയൽ കൂട്ടങ്ങളിൽ നിന്നും ഒരാൾ വീതം വനിത ടെക് സഭയിൽ പങ്കെടുത്തു. മീറ്റിൽ പങ്കെടുത്തവർ ഇ-മെയിൽ അക്കൗണ്ട്, ഡിജി ലോക്കർ എന്നിവ ആരംഭിച്ചു. ഐ എൽ ജി എം എസ് പീപ്പിൾ ലോഗിൻ ചെയ്യുകയും ചെയ്തു.

ഡിജിറ്റൽ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായി ഇ.കെ.വിജയൻ എം എൽ എ പ്രകാശനം ചെയ്ത കൈപ്പുസ്തകം പഞ്ചായത്തിലെ 424 അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും എത്തിക്കാൻ തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് അഖിലാ മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, മെമ്പർ നിഷ മനോജ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.പി റീജ, അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.