പയ്യോളി നഗരസഭയിലെ അങ്കണവാടികൾ സ്മാർട്ടാകുന്നു. ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അങ്കണവാടികളുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു. 52-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു.
2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭയിലെ അഞ്ച് അങ്കണവാടികളാണ് ക്രാഡിൽ നിലവാരത്തിലേക്ക് ഉയർത്തിയത്.
52-ാം നമ്പർ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകിയ എകരത്ത് നാരായണനെ ചടങ്ങിൽ ചെയർമാൻ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ പി എം, സുജല ചെത്തിൽ, വി കെ അബ്ദുറഹിമാൻ, മഹിജ എളോടി, കൗൺസിലർമാരായ ഗിരിജ വി.കെ, ഷിജിമിന അസൈനാർ, കാര്യാട്ട് ഗോപാലൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.