* പരിശീലനം 27ന് 
ബധിരവോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി സഹായിക്കാനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നു.
ആംഗ്യഭാഷാ വാരാചരണത്തിന്റെ ഭാഗമായി ബധിര വോട്ടര്‍മാരുടെ പൊതുവായ സംശയങ്ങള്‍ മാറ്റുന്നതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആംഗ്യഭാഷയില്‍ അവബോധം സൃഷ്ടിക്കുന്നതിന് 27ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ഏകദിനപരിശീലനം നടത്തും. നിയമസഭാ മന്ദിരത്തിലെ 5 ഇ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്യും.
എല്ലാ ജില്ലകളില്‍നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, നിഷിലെ ട്രെയിനര്‍മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബധിരവോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങളും സഹായങ്ങളും നല്‍കി അവരുടെ പങ്കാളിത്തം വോട്ടിംഗ് പ്രക്രിയയില്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം.