പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസള്‍ട്ട് നാളെ രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം രാവിലെ 10 മുതല്‍ നാലിന് വൈകിട്ട് നാല് വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഇതിന്റെ പ്രവേശനം ജൂലൈ മൂന്നിന് വൈകിട്ട് നാല് മണി വരെയാണ്.
ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ നല്‍കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരസിക്കപ്പെട്ടവര്‍ക്ക് തെറ്റു തിരുത്തി പുതിയ അപേക്ഷ നല്‍കാവുന്നതാണ്.