ഭരണഘടനാനിര്‍മാണ സഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായ ദാക്ഷായണി വേലായുധന്റെ ജന്മദിനം ഇതാദ്യമായി ഔദ്യോഗികമായി ആഘോഷിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ചരിത്ര വനിതയുടെ നൂറ്റിപതിനൊന്നാം ജന്മദിനം സംസ്ഥാന പട്ടിക ജാതി വകുപ്പിന്റെ നേതൃത്വത്തില്‍ ജന്മനാടായ മുളവുകാട് പഞ്ചായത്തിലും എറണാകുളത്തുമായി വിവിധ പരിപാടികളോടെയാണ് ജൂലൈ 3, 4 തീയതികളില്‍ ആഘോഷിക്കുന്നത്. ഏകദിന ചലച്ചിത്രമേള, പുഷ്പാര്‍ച്ചന, ഭരണഘടന ക്വിസ് മത്സരം, ആദരസമര്‍പ്പണം, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമാകും.
ജൂലൈ 4ന് ഉച്ചകഴിഞ്ഞ് 3ന് ബോള്‍ഗാട്ടി പാലസില്‍ പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ കെ.സന്ധ്യ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ജസ്റ്റിസ് കെ.കെ ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും. ദാക്ഷായണി വേലായുധന്റെ മകളും സാമൂഹ്യശാസ്ത്രജ്ഞയുമായ ഡോ:മീര വേലായുധന്‍, എഴുത്തുകാരന്‍ ചെറായി രാംദാസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.
എറണാകുളം മഹാരാജാസ് കോളേജിലെ സ്വാതന്ത്ര്യ ചുമരില്‍ ദാക്ഷായണി വേലായുധന്റെ ഛായാചിത്രത്തിനു മുന്നില്‍ ജൂലൈ 4ന് രാവിലെ 9ന് പുഷ്പാര്‍ച്ചന. മഹാരാജാസ് കോളേജ് യൂണിയന്റെയും മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്റെയും സംയുക്ത സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയാകും.
സംസ്ഥാന പാര്‍ലമെന്ററി അഫയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭരണഘടന ക്വിസ് അന്നേ ദിവസം രാവിലെ 10 മുതല്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. വൈപ്പിന്‍, പറവൂര്‍, എറണാകുളം മണ്ഡലങ്ങളിലെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കും. പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ:രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും.
ജന്മദിനാഘോഷത്തിന് മുന്നോടിയായി ജൂലൈ മൂന്നിനാണ് ഏകദിന ചലച്ചിത്രമേള. ഭാരത് ഭവന്‍ ഒരുക്കിയ ‘ദാക്ഷായണി വേലായുധന്‍’ ഡോക്യുമെന്ററി രാവിലെ 9.30ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ മുഖ്യാതിഥിയാകും.
ലോക്ധര്‍മ്മി തിയേറ്റര്‍ ഡയറക്ടര്‍ ചന്ദ്രദാസന്‍, നടി രമ്യ നമ്പീശന്‍, സംവിധായിക കെ.ജെ ജീവ, കവി അനില്‍കുമാര്‍, വി.വി പ്രവീണ്‍, എം.എ പൊന്നന്‍, ജ്യോതി നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 11നു ബി 32 മുതല്‍ 44 വരെ, ഉച്ചകഴഞ്ഞ് 2ന് റിച്ചര്‍ സ്‌കെയില്‍ 7.6, വൈകിട്ട് 4ന് സോഷ്യലിസ്റ്റ് ഭഗവതി, 5.15ന് വാസന്തി, 7.30ന് ഡാം 999 തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഓരോ സിനിമയ്ക്കുശേഷവും ചര്‍ച്ചയുണ്ടാകും.
വൈപ്പിന്‍ മണ്ഡലത്തിലെ മുളവുകാട് 1912 ജൂലൈ നാലിന് ജനിച്ച ദാക്ഷായണി വേലായുധന്‍ കൊച്ചി രാജ്യ നിയമസഭാംഗം, കേരളത്തില്‍ ആദ്യമായി സ്‌കൂള്‍ ഫൈനല്‍ പാസായ പട്ടികജാതി വിദ്യാര്‍ത്ഥിനി, പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദധാരിണി, അധ്യാപിക തുടങ്ങി നേട്ടങ്ങള്‍ ഒട്ടേറെ കൈവരിച്ചു. പിന്നാക്കക്കാര്‍ക്ക് പൊതുവഴിയിലൂടെ നടക്കാന്‍ വിലക്കുണ്ടായിരുന്ന കാലത്ത് കടത്തുവഞ്ചിയില്‍ കായല്‍ കടന്നുപോയി പഠിച്ച്, ചരിത്രം രചിച്ച ധീരവനിത 1976 ജൂലൈ 20ന് അന്തരിച്ചു.
ഭരണഘടന പലവിധ ഗുരുതര ഭീഷണികള്‍ നേരിടുന്ന ഇക്കാലത്ത് ദാക്ഷായണി വേലായുധനെ പോലെ സമുന്നത മാര്‍ഗദര്‍ശിയുടെ ഓര്‍മ്മ സമുചിതം പുതുക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.