ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തോടനുബന്ധിച്ച് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം നടത്തി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി അലക്സ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ – ഗ്രാമപഞ്ചായത്ത് തലത്തിൽ സൂക്ഷ്മതലത്തിൽ ഡാറ്റ ലഭ്യമാക്കാനുള്ള പഠനം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ നയരൂപീകരണത്തിന് അടിത്തറയാകുന്നത് സാമ്പത്തിക സ്ഥിതിവിവര കണക്കുകളാണെന്നും നയരൂപീകരണത്തിലുള്ള വ്യതിയാനം സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളുടെ പ്രകാശനവും നടന്നു. വിമല കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥിനികളും ജില്ലാ സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പും ചേർന്നാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
റിപ്പോർട്ട് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ഡോ.ജിജു പി അലക്സ് ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലതയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. രാജ്യത്ത് ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കോവിഡിനു ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി യുവജനതയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് പഠന റിപ്പോർട്ട്.

ഉപയോഗ ശൂന്യമായ കടലാസിൻ്റെ വില സംബന്ധിച്ച പഠനവും വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. റിപ്പോർട്ട് നവകേരളം ജില്ലാ കോർഡിനേറ്റർ ദിദികയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. പിആന്റ്എം എക്സ്റ്റൺഷണൽ ഓഫീസർ എബി പ്രസാദ് പഠന റിപ്പോർട്ട് വിശദീകരിച്ചു.
ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ സിൽസിമോൾ ആന്റണി കെ അധ്യക്ഷയായി. ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, നവകേരളം ജില്ലാ കോർഡിനേറ്റർ സി ദിദിക, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസർ കെ ടി ലേഖ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റിസർച്ച് ഓഫീസർ എം ജെ ജസ്റ്റിൻ വിഷയാവതരണം നടത്തി. റിസർച്ച് ഓഫീസർ പി എൻ രതീഷ് സ്വാഗതവും അഡി. ജില്ലാ ഓഫീസർ സൈജോ ചാലിശ്ശേരി നന്ദിയും പറഞ്ഞു.