നവീകരിച്ച ഓഡിറ്റോറിയം, കമ്പ്യൂട്ടര്‍ ലാബുകൾ, ലൈബ്രറി എന്നിവ തുറന്നു

അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇത് സ്വപ്ന സാഫല്യത്തിന്റെ ദിനം. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി തയ്യാറാക്കിയ വിവിധ പദ്ധതികള്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിനായി മൂന്നു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ പുതിയ കെട്ടിടവും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മുപ്പത് ലക്ഷം രൂപയുടെ അത്യാധുനിക കമ്പ്യൂട്ടര്‍ ലാബും ഈ അധ്യയന വര്‍ഷം സാധ്യമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മികച്ച സ്‌കൂളുകളില്‍ ഒന്നായി അരുവിക്കര സ്‌കൂളിനെ ഉയര്‍ത്താനുള്ള പരിശ്രമങ്ങളാണ് എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളിലെ നവീകരിച്ച സര്‍ഗ്ഗം ഓഡിറ്റോറിയം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഓഡിറ്റോറിയം നവീകരിച്ചത്.

അത്യാധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ ലേണിംഗ് ഹബ്ബുകളായ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. പ്രമുഖ ഐ.ടി സ്ഥാപനമായ യു.എസ്.ടി ഗ്ലോബല്‍ തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടര്‍ ലാബുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കുട്ടികളിലെ വായനാ ശീലം വളര്‍ത്തുന്നതിനായി ‘വാക്കുകള്‍ പൂക്കുന്നിടം’ എന്ന് പേരിട്ട സ്കൂൾ ലൈബ്രറി ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളായ പി. പ്രശാന്തും , പ്രവീണും ചേര്‍ന്നാണ് ഒന്നര ലക്ഷം രൂപ ചെലവില്‍ ലൈബ്രറി നിര്‍മ്മിച്ചു നല്‍കിയത്. കെല്‍ട്രോണിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഭക്ഷണപ്പെട്ടി അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.കല ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ നിറയ്ക്കുന്ന ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് എടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ രംഗങ്ങളില്‍ സ്‌കൂളിന്റെ യശസ് ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി.എസ് സജീവ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍ ഹരിലാല്‍, വാര്‍ഡ് മെമ്പര്‍ ഗീതാ ഹരികുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റാണി ആര്‍ ചന്ദ്രന്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരായി.