വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പി.ചിത്രൻ നമ്പൂതിരിപ്പാടിന് നാടിന്റെ അന്ത്യാഞ്ജലി. ചെമ്പുക്കാവിലെ വീട്ടിലും തുടർന്ന് സാഹിത്യ അക്കാദമി ഹാളിൽ വെച്ച പൊതു ദർശനത്തിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അന്ത്യോപചാരമർപ്പിച്ചു.
സാമൂഹ്യമായ ഇടപെടലുകളിലൂടെ എക്കാലവും സജീവമായ വ്യക്തിത്വമായിരുന്നു പി.ചിത്രൻ നമ്പൂതിരിപ്പാടെന്ന് ഡോ.ആർ ബിന്ദു പറഞ്ഞു.സാമൂഹിക പരിഷകരണത്തിനോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നൂതന പരിഷ്‌ക്കാരങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കാനും അതിന്റെ അടിത്തറ വിപുലീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുടർന്ന് ഉച്ചക്ക് 12 മണിയോടെ സാഹിത്യ അക്കാദമി ഹാളിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ അന്ത്യോപചാരം അർപ്പിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി.ബാലചന്ദ്രൻ, കെ.കെ.രാമചന്ദ്രൻ, തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, കലാമണ്ഡലം ഗോപി ,മുൻ മന്ത്രിമാരായ കെ.പി.രാജേന്ദ്രൻ, വി.എസ് .സുനിൽകുമാർ തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാനെത്തി. പൊതുദർശനത്തിന് ശേഷം സാഹിത്യ അക്കാദമിയിൽ വെച്ച് ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഭൗതിക ശരീരത്തിൽ പോലീസ് സംസ്ഥാന സർക്കാരിന് വേണ്ടി ഗാർഡ് ഒഫ് ഹോണർ നൽകി. ശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടന്നു .