റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ പരിപൂർണമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന പ്രക്രിയ ഈ വർഷം നവംബർ ഒന്നോടെ പൂർത്തിയാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.. കണ്ണൂർ താലൂക്ക് ഓഫീസിനായി പുതുതായി പണികഴിപ്പിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കോൺഫറൻസ് ഹാൾ റവന്യു വകുപ്പ് സംഘടിപ്പിക്കുന്ന പട്ടയ അസംബ്ലിക്കായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ഓഫീസ് ജീവനക്കാരികൾ അവതരിപ്പിച്ച തിരുവാതിരയോടെയാണ് ഉദ്‌ഘാടന പരിപാടികൾ ആരംഭിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. മേയർ ടി ഒ മോഹനൻ മുഖ്യാതിഥിയായി., കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, തളിപറമ്പ് ആർ ഡി ഒ ഇ പി മേഴ്സി, കണ്ണൂർ തഹസിൽദാർ, വിവിധ രാഷ്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2400 ചതുരശ്ര അടിയിൽ 39 ലക്ഷം രൂപ ചെലവിലാണ് കോൺഫറൻസ് ഹാൾ നിർമ്മിച്ചിട്ടുള്ളത്. സ്റ്റേജ്, ഗ്രീൻ റൂം ടോയിലറ്റ് സൗകര്യം, വരാന്ത ഉൾപ്പെട്ട ഹാളിൽ നൂറ്റമ്പത് പേർക്ക് ഇരിക്കാനും സൗകര്യമുണ്ട്.