അമ്മയുടെ കയ്യില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ഭൂമിക്ക് പട്ടയം കിട്ടിയതിന്റെ സന്തോഷമാണ് ലക്ഷ്മിക്ക്. പട്ടയം കിട്ടിയോണ്ട് ഏറെ ആശ്വാസായി… ഇത് നക്കോത്ത് ലക്ഷ്മിയുടെ വാക്കുകള്‍. ഭര്‍ത്താവ് ബാലന്റെ കയ്യും പിടിച്ചാണ് അവര്‍ ജില്ലാ തല പട്ടയമേളക്ക് എത്തിയത്. പട്ടയവുമായി തിരിച്ച് പോകുമ്പോള്‍ ലക്ഷ്മിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അമ്മയുടെ കയ്യില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ഭൂമിക്ക് രേഖയുണ്ടായിരുന്നു. എന്നാല്‍ പട്ടയമുണ്ടായിരുന്നില്ല.
ഭൂമിക്ക് പട്ടയം വേണം എന്ന ധാരണയില്ലാത്തതിനാല്‍ അപേക്ഷിച്ചതുമില്ല. അമ്മയുടെ മരണശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് പട്ടയത്തിന് അപേക്ഷ നല്‍കിയത്. ചാവശ്ശേരിയില്‍ സ്ഥിര താമസക്കാരിയായ ലക്ഷ്മിക്ക് അമ്മയുടെ ഉളിക്കല്‍ പടിക്കാച്ചാലിലുള്ള 20 സെന്റ് ഭൂമിയുടെ പട്ടയമാണ് മേളയില്‍ നല്‍കിയത്.  ഭര്‍ത്താവ് ബാലനും മൂന്ന് മക്കളും അടങ്ങിയതാണ് കുടുംബം.
വാഹനാപകടം പറ്റിയതിനെ തുടര്‍ന്ന് കാലിനുണ്ടായ പരിക്ക് കാരണം ഭര്‍ത്താവ് ബാലന് കൂലിപ്പണിക്കും കൃത്യമായി പോകാന്‍ സാധിക്കുന്നില്ല. സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു ലക്ഷ്മി പൊള്ളലേറ്റ് ചികിത്സയിലായതിനാല്‍ ഇപ്പോള്‍ പോകാറില്ല.
ആന്തൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലെ ചാലില്‍ വത്സലയ്ക്കും അമ്മയുടെ മരണശേഷം പാരമ്പര്യമായി ലഭിച്ച 15 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചു. കടമ്പേരി ദേവസ്വത്തിന്റെ കീഴിലായിരുന്നു ഈ ഭൂമി. കൈവശരേഖയുണ്ടായിരുന്നെങ്കിലും പട്ടയമുണ്ടായിരുന്നില്ല. അമ്മ മരിച്ച് പത്ത്  വര്‍ഷം കഴിഞ്ഞ് 2014 ലാണ് വത്സല പട്ടയത്തിനായി അപേക്ഷിച്ചത്.