പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ: സ്പീക്കർ

പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കതിരൂരിൽ നിർമ്മിച്ച ഗവ. പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ സർവ്വകലാശാലകളിൽ ഉപരി പഠനത്തിനായി 25 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. വൈമാനികനാവാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള സഹായവും സർക്കാർ നൽകുന്നു-സ്പീക്കർ പറഞ്ഞു.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് കൂടുതൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. പല പ്രീമെട്രിക് ഹോസ്റ്റലുകളിലും കട്ടികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇത്തരം ഹോസ്റ്റലുകൾ നിലനിർത്തണമോ എന്നത് ആലോചിക്കും. പോസ്റ്റ് മെട്രിക് വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ നാല് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാണ് തുടങ്ങിയത്. ആവശ്യമുള്ള ഇടങ്ങളിൽ ഇനിയും ആരംഭിക്കും-മന്ത്രി പറഞ്ഞു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ എന്നിവർ വിശിഷ്ടാതിഥികളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ അശോകൻ (പന്ന്യന്നൂർ), പി വത്സൻ (മൊകേരി), സി കെ രമ്യ (ചൊക്ലി), പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ശശിധരൻ, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സൽ, സംസ്ഥാന ഉപദേശക സമിതി അംഗം എ ഒ ചന്ദ്രൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജ്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി വി സുഭാഷ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് പ്രൊജക്ട് എഞ്ചിനീയർ സി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ജലസേചന വകുപ്പിൽ നിന്നും പട്ടികജാതി വികസന വകുപ്പിന് കൈമാറി കിട്ടിയ 29 സെന്റിൽ 2019ലാണ് കെട്ടിടം പണി തുടങ്ങിയത്. കിഫ്ബി സഹായത്തോടെ 1.78 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. 30 വിദ്യാർഥികൾക്കും പത്ത് ജീവനക്കാർക്കുമുള്ള താമസ സൗകര്യം ഇവിടെയുണ്ട്. കിടപ്പ് മുറികൾ, ലൈബ്രറി ഹാൾ, പഠനമുറി, ഭക്ഷണശാല അടുക്കള, ശുചി മുറികൾ എന്നിവയും ഒരുക്കി. ഫർണിച്ചറുകൾ, മോഡുലാർ കിച്ചൺ സംവിധാനം എന്നിവ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പൂർത്തീകരിച്ചു.

1963ൽ തലശ്ശേരി ടൗണിൽ വാടക കെട്ടിടത്തിലാരംഭിച്ച് പാട്യം, പിണറായി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റി ഒടുവിൽ 2006 മുതൽ കതിരൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന പ്രീമെട്രിക് ഹോസ്റ്റലാണ് ഇപ്പോൾ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.