28 പരാതികളിൽ തീർപ്പ്

പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടാക്കാനാണ് പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷൻ ശ്രമിക്കുന്നതെന്ന് ചെയർമാൻ ബി.എസ്. മാവോജി. സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വർഗ കമ്മീഷൻ ഇടുക്കി ജില്ലയിൽ നിലവിലുള്ള പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നങ്ങൾ ഏറെയുള്ള ജില്ലയാണ് ഇടുക്കി. അവ പരിഹരിക്കൽ സങ്കീർണമാണ്. കമ്മീഷന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അദാലത്തുകളിലൂടെ കമ്മീഷൻ പാവപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെർലിനിൽ നടന്ന ലോക സ്പെഷ്യൽ ഒളിമ്പിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇടുക്കിക്കാരിയും പട്ടികജാതി വിഭാഗക്കാരിയുമായ ദിവ്യ തങ്കപ്പന് 2.5 ലക്ഷം രൂപ പാരിതോഷികമായി നൽകാൻ സർക്കാരിനോട് കമ്മീഷൻ ശുപാർശ ചെയ്യുന്നതായും ചെ യർമാൻ അദാലത്ത് വേദിയിൽ പറഞ്ഞു. പരാതി പരിഹാര അദാലത്തിന്റെ ആദ്യ ദിവസം വിവിധ വിഷയങ്ങളിലുള്ള 45 പരാതികൾ പരിഗണിച്ചു.അവയിൽ 28 എണ്ണം പരിഹരിച്ചു.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അദാലത്തിന് കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജി , കമ്മീഷൻ അംഗം അഡ്വ. സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകി. രണ്ട് ബെഞ്ചുകളിലായി ജോലി സ്ഥലത്തു നിന്നുള്ള അതിക്രമം, ജാതിയധിക്ഷേപം, ഭീഷണി, കൈവശവസ്തു കൈയേറ്റം, ധനസഹായങ്ങൾ ലഭിക്കാതിരിക്കൽ, ഭൂമി സംബന്ധമായ വിഷയങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാത്തത്, ഗാർഹിക പീഡനം, വധഭീഷണി, കള്ളക്കേസ്, ഭവനനിർമാണം ,വ്യാജരേഖ നിർമിച്ചു ഫണ്ട്‌ വകമാറ്റൽ തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കണ്ടു. പുതിയ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.

പരാതി പരിഹാര അദാലത്ത് ഇന്ന് ( 5/7/23) സമാപിക്കും. ഉദ്ഘാടന പരിപാടിയിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ് കളക്ടർ ഡോ. അരുൺ എസ് നായർ എന്നിവർ പങ്കെടുത്തു. അദാലത്തിൽ പരാതികളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ഓഫീസർമാർ, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികജാതി/പട്ടികവർഗവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.