കാക്കനാട്: ജില്ലയിലെ വിവിധ സംഭരണകേന്ദ്രങ്ങളില്‍ ശേഷിക്കുന്ന ദുരിതാശ്വാസവസ്തുക്കള്‍ കൊച്ചിതാലുക്കില്‍ സെപ്തംബര്‍ 29-ന് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.
അവശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ പരമാവധി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവ വിതരണം ചെയ്യുന്നത്. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാക്രമത്തിലാണ് വിതരണം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുമണിവരെ വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ വില്ലേജുകളിലുള്‍പ്പെടുന്ന ബി.പി.എല്‍. റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കി സാധനങ്ങള്‍ കൈപ്പറ്റണം.
എളങ്കുന്നപ്പുഴ, പുതുവൈപ്പ്, ഞാറയ്ക്കല്‍, എടവനക്കാട്, നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളില്‍ തെരഞ്ഞെടുത്ത  സ്‌കൂളുകളില്‍ നിന്നാണ് വിതരണം.  എളങ്കുന്നപ്പുഴയില്‍ സെന്റ്.പീറ്റേഴ്‌സ് എല്‍.പി.സ്‌കൂള്‍ മാലിപ്പുറം, ഐ.ഐ.വി.യു.പി.സ്‌കൂള്‍ മാലിപ്പുറം; പുതുവൈപ്പില്‍ സാന്ത ക്രൂസ് എച്ച്.എസ്., ജി.യു.പി.സ്‌കൂള്‍ പുതുവൈപ്പ്; ഞാറക്കലില്‍ ഗവ.ഫിഷറീസ് യു.പി.സ്‌കൂള്‍, ലിറ്റില്‍ ഫ്‌ലവര്‍ എച്ച്.എസ്. ഞാറയ്ക്കല്‍,; എടവനക്കാട് എച്ച്.ഐ.എച്ച്.എസ്. എടവനക്കാട്, കെ.പി.എം.എച്ച്.എസ് എസ്.ഡി.പി.വൈ എടവനക്കാട്; നായരമ്പലത്ത് ബി.വി.എച്ച്.എസ്;  കുഴുപ്പിള്ളിയില്‍ സെന്റ്. അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്,  സെന്റ് മേരീസ് എച്ച്.എസ്. പള്ളിപ്പുറം; പള്ളിപ്പുറത്ത് എസ്.എം.എല്‍.പി.സ്‌കൂള്‍ ചെറായി, എസ്.സി.കമ്മ്യൂണിറ്റി ഹാള്‍ പള്ളിപ്പുറം എന്നിവയാണ് വിതരണ കേന്ദ്രങ്ങള്‍.
ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈ ഓഫീസ്, കുടുംബശ്രീ, റവന്യൂ വകുപ്പ് ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും.