തെലുങ്കാന സര്‍ക്കാര്‍ സ്ഥാപനമായ ഹൈദ്രാബാദിലെ നാഷണല്‍ അക്കാദമി ഓഫ് കണ്‍സ്ട്രക്ഷനും, അഭയാ ഫൗണ്ടേഷനും, എറണാകുളം ജില്ലാ ഭരണകൂടവും ചേര്‍ത്തൊരുക്കുന്ന ടെക്ഹാന്റ്‌സ് പദ്ധതിയിലൂടെ നൂറ് കണക്കിന് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പ്രളയബാധിത മേഖലകളില്‍ നന്നാക്കി നല്‍കി.
അഭയാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാഷണല്‍ അക്കാദമി ഓഫ് കണ്‍സ്ട്രക്ഷന്‍സിലെ 110 ഓളം വരുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് സംരംഭത്തിന് പിന്നിലുള്ളത്. സെപ്റ്റംബര്‍ 21-ന് എറണാകുളത്ത് എത്തിയ സംഘം 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് പറവൂര്‍ താലൂക്കിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികളും, വീട്ടുപകരണങ്ങളുടെ റിപ്പയറിംഗും നടത്തുന്ന തിരക്കിലാണ്. വടക്കന്‍ പറവൂര്‍, കരുമാല്ലൂര്‍, പുത്തന്‍വേലിക്കര, വടക്കേക്കര, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, ആലങ്ങാട് എന്നീ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംഘം റിപ്പയറിംഗ് പ്രവൃത്തികള്‍ ചെയ്യുന്നത്. പഞ്ചായത്ത് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ടെക്‌നിക്കല്‍ ടീമിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. നാളിതുവരെ വിവിധ ഇടങ്ങളിലായി നൂറ് കണക്കിന് മോട്ടറുകള്‍, മിക്‌സികള്‍, അയണ്‍ ബോക്‌സുകള്‍, ഫാനുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ സംഘം റിപ്പയര്‍ ചെയ്തു കഴിഞ്ഞു. സെപ്റ്റംബര്‍ 30-ന് തിരികെപ്പോകുന്ന അഭയാ, നാക് സംഘം ആവശ്യാധിഷ്ഠിതമായി കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുവാന്‍ തയ്യാറാണ്. സഹായം ആവശ്യമുള്ളവര്‍ക്ക് വീടുകളും കോളനികളും സന്ദര്‍ശിച്ച് ഇലക്ട്രിക് പ്ലംബിംഗ് ജോലികള്‍ ചെയ്തുകൊടുക്കും. ‘ടെക് ഹാന്റ്‌സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിപിസിഎലിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി വാഹനങ്ങളും ഇതിനായി ജില്ലാ ഭരണകൂടം ലഭ്യമാക്കിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും സംഘം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിന് അഭയാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാട്ടര്‍ പ്യൂരിഫയറുകളും, പാത്രങ്ങളും ലഭ്യമാണ്. തുടര്‍ന്നും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന അഭയാ സ്ഥാപക ഡയറക്ടര്‍ ബാലചന്ദ്ര സുങ്കു, നാക് ഡയറക്ടര്‍ പി.ഗംഗാധര്‍ എന്നിവര്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളും പൊതു ജനങ്ങളും ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.മൊഹമ്മദ് വൈ.സഫിറുള്ള പറഞ്ഞു.
ക്യാപ്ഷന്‍: ടെക് ഹാന്റ് സംഘം ഉപകരണങ്ങള്‍ നന്നാക്കുന്നു