കൊച്ചി: കാലടി പഞ്ചായത്തിലെ പ്രളയ ബാധിത മേഖലകളില്‍ ഐക്യ രാഷ്ട്രസഭ സംഘം സന്ദര്‍ശനം നടത്തി. പ്രളയത്തിനു ശേഷമുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് സംഘം കാലടി പഞ്ചായത്തിലെത്തിയത്. പുഴകളിലെ ജലനിരപ്പ് കുറഞ്ഞതുമൂലമുണ്ടായ കുടിവെള്ള ക്ഷാമവും ചര്‍ച്ച ചെയ്തു.
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് യു. എന്‍ ഗവേണന്‍സ് അംഗങ്ങളായ ഡോ. പി. എസ്. ഈസ, റിട്ട. ഐ എ.എസ് ഓഫീസര്‍ മൈക്കിള്‍ വേദ ശിരോമണി, അഡീഷണല്‍ സ്റ്റാസ്റ്റിക്‌സ് ഡയറക്ടര്‍ കെ.ദാമോദരന്‍ എന്നിവരെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി പ്രദേശത്തെ പ്രളയത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘത്തെ ധരിപ്പിച്ചു. തുടര്‍ന്ന് കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കാലടിയിലെ പെരിയാറിന്റെ തീരവും സംഘം സന്ദര്‍ശനം നടത്തി.പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളാണ് കാലടി പഞ്ചായത്തിലെ മറ്റൂര്‍, പിരാരൂര്‍ എന്നീ പ്രദേശങ്ങള്‍. വേനല്‍കാലത്ത് കനാല്‍വെള്ളമാണ് പ്രധാന കുടിവെള്ള സ്രോതസ്. പ്രളയത്തില്‍ പമ്പ് ഹൗസുകള്‍ തകര്‍ന്നത് കനാലിലൂടെയുള്ള വെള്ളമൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതു മൂലം കുടിവെള്ള ക്ഷാമം പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്. കാലടിയിലെ മാടശേരി പരമേശ്വരന്റെ വീട്ടിലെയും ആനക്കാടന്‍ പാപ്പച്ചന്റെ വീട്ടിലെയും കിണറുകള്‍ സംഘം സന്ദര്‍ശിച്ചു. വെള്ളമില്ലാത്ത അവസ്ഥയിലാണ് പല കിണറുകളും.
തുടര്‍ന്ന് പെരിയാറിന്റെ തീരവും സംഘം സന്ദര്‍ശനം നടത്തി. ജലനിരപ്പ് താഴ്ന്ന് നീരൊഴുക്ക് കുറഞ്ഞ അവസ്ഥയിലാണ് പുഴ.പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന ടൗണുകളാണ് കാലടിയും മാണിക്യ മംഗലവും . കച്ചവട സ്ഥാപനങ്ങളെല്ലാം തന്നെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രളയത്തില്‍ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും വെള്ളം നിറഞ്ഞു. 10 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. 13 ക്യാമ്പുകളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു പോകാതിരുന്നത് ജാതി കൃഷിമാത്രമാണ്. ബാക്കിയുള്ള ജാതി കൃഷിയെ വരള്‍ച്ച മോശമായി ബാധിക്കുമെന്ന് പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കണം. പഞ്ചായത്തിലെ കൃഷി പൂര്‍ണമായും നശിച്ചു. ടൗണിലെ 90 ശതമാനം കടകളും വെള്ളത്തില്‍ മുങ്ങി. 10 ശതമാനം മാത്രമാണ് പിടിച്ചു നിന്നത്. 42 വീടുകള്‍ പൂര്‍ണമായും നശിച്ചു. 150 വീടുകള്‍ ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിച്ചതായും പ്രസിഡന്റ് അറിയിച്ചു. 140 പക്ഷിമൃഗാദികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ സംസ്‌കരിച്ചു. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരണം നടത്തി. ബ്രഹ്മപുരത്തും തമിഴ്‌നാട്ടിലെ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചുമാണ് മാലിന്യനീക്കം പൂര്‍ണമാക്കിയത്. 2400 കിണുകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വറ്റിച്ച് ക്ലോറിനേഷന്‍ നടത്തി. 2100 കിണറുകളിലെ വെള്ളം പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പു വരുത്തി.
ചാലക്കുടി കഴിഞ്ഞാല്‍ പ്രളയം ഏറ്റവും മോശമായി ബാധിച്ചത് കാലടി ടൗണിനെയാണ്. 500 ടണ്‍ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കനാലുകള്‍ പലയിടങ്ങളിലും തകര്‍ന്നു കിടക്കുകയാണ്. ഇത് വരള്‍ച്ചബാധിത മേഖലകളില്‍ വെള്ളമെത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും ഫയര്‍‌സ്റ്റേഷന്‍ വേണമെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഡപ്യൂട്ടി കളക്ടര്‍ സുനില്‍ ലാല്‍, ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ.വി.ബി.വിനയന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.