പറവൂർ: പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം സന്ദർശിച്ച് യുഎൻ പ്രതിനിധികൾ. പറവൂർ എംഎൽഎ വി.ഡി സതീശൻ സംഘത്തിന് നാശനഷ്ടങ്ങളുടെ വിവരങ്ങൾ നൽകി. ചേന്ദമംഗലം വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. പഞ്ചായത്തിലെ 18 വാർഡുകളും പൂർണമായും പ്രളയബാധിതമാണെന്ന് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.ജി അനൂപ് പറഞ്ഞു. വില്ലേജ് ഓഫീസർ ശ്രീദത്ത് എം.എ ഓഫീസിന് സംഭവിച്ച നഷ്ടങ്ങളെപ്പറ്റി വിശദീകരിച്ചു. മൂന്ന് കമ്പ്യൂട്ടറുകളും രണ്ട് പ്രിൻറുകളുമാണ് പ്രളയത്തിൽ വില്ലേജിന് നഷ്ടമായത്. ഫയലുകളെല്ലാം നനഞ്ഞ് ഓഫീസിന് പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പ്രളയ ബാധിതർക്കുള്ള ധനസഹായ വിതരണത്തെ പറ്റിയും യുഎൻ പ്രതിനിധികൾ അന്വേഷിച്ചു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിന് ഉണ്ടായത്. ഫർണിച്ചറുകൾ, സോളാർ, ജനറേറ്ററുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. റണ്ണിംഗ് ഫയലുകൾ എല്ലാം തന്നെ നഷ്ടമായി. ഓഫീസിലെ പ്രവർത്തനങ്ങൾ ഇപ്പോൾ താൽക്കാലികമായി നടക്കുന്നത് പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിലാണ്. കാർഷിക വികസന ക്ഷേമവകുപ്പ് സ്ഥാപനമായ കേരള ഓർഗാനിക് ഇക്കോ ഷോപ്പും സംഘം സന്ദർശിച്ചു.
യുഎൻ വിദഗ്ധ സംഘത്തിൽ ഉൾപ്പെട്ട റിട്ട. അഡീഷണൽ സെക്രട്ടറി ജെയിംസ് വർഗീസ്, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ചീഫ് ഡോ. വി സന്തോഷ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി ഷീലാ ദേവി, പറവൂർ തഹസിൽദാർ ഹരീഷ് എം.എച്ച്, ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ് ജോസഫ് എന്നിവരാണ് സന്ദർശനത്തിന് എത്തിയത്.
ക്യാപ്ഷൻ: യുഎൻ പ്രതിനിധികൾ ചേന്ദമംഗലം കൈത്തറി സന്ദർശിക്കുന്നു