കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഹൈറേഞ്ചിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനയാത്രക്കാരും ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ രമണന്‍ അറിയിച്ചു.

ഹൈറേഞ്ച് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • വേഗത്തിലോടുന്ന വാഹനം അടിയന്തിര സാഹചര്യത്തില്‍ ബ്രേക്ക് ചെയ്യണ്ടി വന്നാല്‍ ഉദ്ദേശിക്കുന്ന പോലെ നില്‍ക്കണമെന്നില്ല. തെന്നി മുന്നോട്ട് പോയി അപകടത്തില്‍പ്പെടും. അതിനാല്‍ വാഹനം അമിത വേഗതയില്‍ ഓടിക്കരുത്.
  • വളവുകളില്‍ വേഗത പാടില്ല. ഓവര്‍ടേക്കിംഗും അരുത്. അത്തരം പ്രവൃത്തികള്‍ അപകടം ക്ഷണിച്ച് വരുത്തും.
  • എതിരെ വാഹനം വരുമ്പോള്‍ പ്രത്യേകിച്ച് വലിയ വാഹനങ്ങള്‍ വേഗത വളരെ കുറച്ച് പരസ്പരം കടന്ന് പോവുക. റോഡ് വിട്ട് അധികം വശം ചേര്‍ക്കരുത്. മണ്ണിടിഞ്ഞ് വാഹനം മറിയുവാന്‍ സാധ്യതയുണ്ട്.
  • ശക്തമായ കാറ്റ്, മഴ എന്നിവയുള്ളപ്പോള്‍ സുരക്ഷിത സ്ഥലത്ത് വാഹനം നിര്‍ത്തിയിടുക. കാറ്റും മഴയും കുറഞ്ഞശേഷം യാത്ര ചെയ്യുക.
  • ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചതിനാല്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്ര ചെയ്യാന്‍ മുതിരരുത്.
  • മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്നുണ്ടെങ്കില്‍ യാത്ര നിര്‍ത്തി വെക്കുക.
  • തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കരുത്. ബേക്ക് ചെയ്യുമ്പോള്‍ തെന്നി മറിയാന്‍ സാധ്യതയുണ്ട്.
  • റോഡില്‍ വെള്ളക്കെട്ട് ഉണ്ടെങ്കില്‍ സൂക്ഷിച്ച് മറികടക്കുക
  • ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ യാതൊരു കാരണവശാലും കുട ഉപയോഗിക്കരുത്.
  •  വാഹനം ഓടിക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കുക.
  • മഴയത്ത് ഹെല്‍മറ്റ് വച്ച് യാത്രചെയ്യുമ്പോള്‍ കാഴ്ച മറയുവാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.
  • സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുമ്പോഴും കുട്ടികളെ വാഹനത്തില്‍ കയറ്റി ഇറക്കുമ്പോഴും വളരെ ശ്രദ്ധ വേണം.
  • പാര്‍ക്കിംഗ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
  • റോഡ് നിയമങ്ങള്‍ പാലിക്കുകയും നല്ല റോഡ് സംസ്‌കാരം പുലര്‍ത്തുകയും ചെയ്യുക.