ചാലക്കയം മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിട്ടുള്ള സിസി ടി.വി ക്യാമറകളിലൂടെയുള്ള തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നിരീക്ഷിക്കാനുള്ള സംവിധാനം മുന്‍വര്‍ഷത്തെപ്പോലെ സജ്ജമായി. ചാലക്കയം മുതല്‍ പമ്പ വരെയുള്ള ഭാഗം, പമ്പ മുതല്‍ സന്നിധാനം വരെയുള്ള രണ്ട് പാതകള്‍, സന്നിധാനത്തെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 72 സിസി ടി.വി ക്യാമറകളുടെ തത്സമയ ദൃശ്യങ്ങള്‍ കളക്ടറുടെ ചേംബറിലും ജില്ലാ പോലീസ് മേധാവിയുടെ ചേംബറിലും നേരിട്ട് നിരീക്ഷിക്കാന്‍ കഴിയും. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് സംബന്ധിച്ചും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും തത്സമയം വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കുവാനും കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. ജില്ലാ കളക്ടറുടെ ചേംബറില്‍ സ്ഥാപിച്ചിട്ടുള്ള എല്‍സിഡി ടിവിയില്‍ ഒരു സമയം ആറ് ക്യാമറകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളാണ് ലഭ്യമാകുന്നത്. ആവശ്യാനുസരണം 72 ക്യാമറകളിലെയും ദൃശ്യങ്ങള്‍ കാണുന്നതിനുള്ള സംവിധാനമുണ്ട്. സന്നിധാനത്ത് നേരിട്ട് എത്താതെ തന്നെ അവിടെ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുവാന്‍ കഴിയുന്നത് ഉദ്യോഗസ്ഥ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. 24 മണിക്കൂറും ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭ്യമാകുന്നതിനാല്‍ തീര്‍ഥാടനകാലത്ത് പമ്പയും സന്നിധാനവും പൂര്‍ണമായും ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.
