ജില്ലയിലെ തൊഴില്‍ പ്രാവീണ്യം നേടിയ വിദ്യാര്‍ഥികള്‍ക്ക് വ്യവസായ വാണിജ്യമേഖലകളില്‍ ഇന്റേണ്‍ഷിപ്പിനും എന്‍ട്രി ലെവല്‍ ജോലികള്‍ക്കും അവസരമൊരുങ്ങുന്നു. പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ് ) സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ ദാതാക്കള്‍ അനുകൂല പ്രതികരണമാണ് അറിയിച്ചത്.
ബാങ്കിംഗ്, ഐടി, ഐ ടി ഇ എസ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, കെമിക്കല്‍, പെട്രോകെമിക്കല്‍, ടെലകോം, അപ്പാരല്‍, ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ അസാപ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ ജില്ലയിലുണ്ടെന്ന് കളക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ തൊഴില്‍ നൈപുണ്യം നേടിയവര്‍ക്ക് കരിയര്‍ കെട്ടിപ്പടുക്കാന്‍ ഇന്റേണ്‍ഷിപ്പ് അനിവാര്യമാണ്. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ തൊഴിലില്‍ മികവ് കാട്ടുന്നവരെ ഏറ്റെടുക്കാനും സംരംഭകര്‍ ശ്രമിക്കണം- കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ നൂറോളം സ്ഥാപനമേധാവികള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ ബാങ്കുകളുടെയും ടെക്‌നോപാര്‍ക്ക്, കിന്‍ഫ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഐടി കമ്പനികയുടെയും ചേംബര്‍ ഓഫ് കോമേഴ്‌സ്, വ്യാപാര വാണിജ്യ സംഘടനകള്‍ എന്നിവയുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം അധ്യക്ഷയായി. അസാപ് സ്ട്രാറ്റജി വിഭാഗം തലവന്‍ പി.എം. റിയാസ് വിഷയാവതരണം നടത്തി. അസാപ് ടെക്‌നിക്കല്‍ ഹെഡ് സുശീല ജയിംസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ശന്തനു പ്രദീപ്, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഷോബി ദാസ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്.