മണ്ണഞ്ചേരി ആര്യാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന മടയാം തോടിലെ കുടുംബങ്ങളെ സ്ഥലത്തു നിന്നും ഒഴിവാക്കാതെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സബ് കമ്മിറ്റി രൂപീകരിച്ചു.

ഇവിടെ താമസിക്കുന്ന 600 ഓളം പേർ ഉൾപ്പെടുന്ന 120 കുടുംബങ്ങളെ കയ്യേറ്റത്തിന്റെ പേരിൽ ഒഴിവാക്കണമെന്ന കോടതി വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിഹാരം കാണാൻ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതയോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമവകുപ്പ് മന്ത്രി പി. രാജീവ്, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, പി.പി. ചിത്തരഞ്ജൻ എം.എൽ.എ., വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

റവന്യൂ സെക്രട്ടറി ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, നിയമവകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സബ് കമ്മിറ്റി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും. ഇത് മന്ത്രി തലത്തിൽ വിലയിരുത്തി നിലവിലുള്ള താമസക്കാരെ ഒഴിവാക്കാതെ തന്നെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത കണ്ടെത്തണമെന്ന് യോഗം തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഈ വിഷയം സബ്മിഷൻ ആയി നിയമസഭയിൽ അവതരിപ്പിച്ചതിനെതുടർന്നാണ് ഉന്നതലയോഗം ചേർന്നത്.