വയനാട്ടില്‍ ബാങ്കുകള്‍ വഴി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം വായ്പ കൂടുതല്‍ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന യോഗം അറിയിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി. രവീന്ദ്രനാഥന്‍, റിസര്‍വ് ബാങ്ക് ജില്ലാ ഓഫിസര്‍ പി.ജി ഹരിദാസ്, നബാര്‍ഡ് ഡി.ഡി.എം വി. ജിഷ, ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ് സംസാരിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 894 കോടി രൂപയാണ് പുതുതായി വായ്പ നല്‍കിയത്. ഇതില്‍ 873 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിനാണ് നല്‍കിയത്. കാര്‍ഷിക വായ്പയായി 653 കോടി രൂപയും കാര്‍ഷികേതര വായ്പയായി 141 കോടി രൂപയും മറ്റ് മുന്‍ഗണനാ വിഭാഗത്തില്‍ 80 കോടി രൂപയും നല്‍കി. 6,275 കോടി രൂപയാണ് ഇതുവരെ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പയായി അനുവദിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,521 കോടി രൂപയായിരുന്നു. ബാങ്കുകളുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തില്‍ 11 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ആകെ നിക്ഷേപം ജൂണ്‍ 30ന് 5,111 കോടി രൂപയാണ്. നിക്ഷേപ – വായ്പാ അനുപാതം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ജില്ലയില്‍ 123 ശതമാനമാണ് നിക്ഷേപ – വായ്പാ അനുപാതം.