വയനാട് ജില്ലയില്‍ ദുരന്തം വിതച്ച പ്രളയത്തില്‍ തകര്‍ന്നവയില്‍ 80 വര്‍ഷം പഴക്കമുള്ള പാലവും. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായി എട്ടു പതിറ്റണ്ടിലധികമായി അച്ചൂരിലുണ്ടായിരുന്ന തൂക്കുപാലമാണ് തകര്‍ന്നത്. തേയില എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി 1930 കളില്‍ അച്ചൂര്‍ ഫാക്ടറിക്ക് പുറകിലായാണ് ബ്രിട്ടീഷുകാര്‍ പാലം നിര്‍മ്മിച്ചത്. പുഴയുടെ ഇരുവശങ്ങളിലുമായുള്ള തോട്ടത്തിലേക്ക് തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ എത്താനായാണ് ഇരുമ്പില്‍ തൂക്കുപാലം നിര്‍മ്മിച്ചിരുന്നത്. പിന്നീട് ഇവിടെ കോണ്‍ക്രീറ്റ് പാലം വന്നതോടെ തൂക്കുപാലം പൊളിച്ചെടുത്ത് പിന്നീട് എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ അച്ചൂര്‍ പത്താംനമ്പറില്‍ സ്ഥാപിച്ചു. തൊഴിലാളികളെ കൂടാതെ പ്രദേശവാസികളും ഇതിലൂടെ സഞ്ചരിച്ചിരുന്നു. പച്ചപ്പണിഞ്ഞ തേയിലക്കാടിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത പല ചലച്ചിത്രങ്ങളിലും ഈ പാലവും തോട്ടവും സ്ഥാനം പിടിച്ചിരുന്നു.