ചെത്തോങ്കര -അത്തിക്കയം റോഡ് വികസനവുമായി ബന്ധപ്പെട്ട് വീതി വര്‍ധിപ്പിക്കുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും വസ്തു ഉടമകള്‍ സഹകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. 5.80 കോടി രൂപ ചിലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനും വസ്തു ഉടമകളെ നേരില്‍ കാണുന്നതിനും എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
റാന്നിയില്‍ നിന്നും കിഴക്കന്‍ മേഖലയിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നാണ് ചെത്തോങ്കര -അത്തിക്കയം റോഡ്. പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയെ കിഴക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ അത്തിക്കയം, പെരുനാട്, വെച്ചൂച്ചിറ എന്നീ ടൗണുകളുമായി ബന്ധപ്പെടുത്താന്‍ ഉപകരിക്കുന്ന ഈ റോഡ് ശബരിമലയുടെ മറ്റൊരു പ്രധാന ഉപവഴിയാണ്. ശബരിമല സീസണ്‍ കാലങ്ങളില്‍ ഇതുവഴിയാണ് വാഹനങ്ങള്‍ തിരിച്ച് വിടുന്നത്.
നേരത്തെ ബിഎം-ബിസി നിലവാരത്തില്‍ പുനരുദ്ധരിച്ച റോഡിന് വീതി വളരെ കുറവാണ്. പലഭാഗങ്ങളിലും കൊടും വളവുകളും മണ്‍തിട്ടകളും ആണ്. വളവുകള്‍ നിവര്‍ക്കുന്നതിനും ഇടുങ്ങിയ കലുങ്കുകള്‍ വീതി വര്‍ധിപ്പിക്കുന്നതിനും വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വസ്തു വിട്ടു നല്‍കുകയാണെങ്കില്‍ വീതി വര്‍ധിപ്പിക്കുന്നതിനും വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനും ഓടകള്‍, ഐറിഷ് ഡ്രയിന്‍, അപകട സൂചനാ ബോര്‍ഡുകള്‍, ഇന്റര്‍ലോക്ക് കട്ടകള്‍ പാകുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡ് കുറഞ്ഞത് 10 മീറ്റര്‍ വീതിയില്‍ പുനരുദ്ധരിക്കുകയാണ് ലക്ഷ്യം.
വാര്‍ഡ് മെമ്പര്‍ അജിത്ത് ഏണസ്റ്റ് എഡ്വേര്‍ഡ്, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി എക്സി. എന്‍ജിനീയര്‍ അംബിക, അസി എന്‍ജിനീയര്‍ റീന എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.