സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വനിത ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി. മോഷണം ലക്ഷ്യമാക്കി ബൈക്കുകളിലെത്തി വിലാസം ചോദിക്കുന്നവര്‍/അപരിചിതര്‍ എന്നിവരില്‍നിന്നും എത്ര ദൂരം മാറി നില്‍ക്കണം, ബസുകളില്‍ ശല്യം ചെയ്യല്‍, പുരുഷന്മാരില്‍നിന്നുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവ ചെറുക്കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്.
ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സരള, നാട്ടുകല്‍, ചിറ്റൂര്‍ പോലീസ് സ്റ്റേഷനുകളിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത, ഉഷസ് എന്നിവരാണ് പരിശീലനം നല്‍കിയത്.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി രാധ, മെമ്പര്‍ വനജ കണ്ണന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രസന്ന, ഐ.ആര്‍.ടി.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ നിഷ സജിത്, പഞ്ചായത്ത് വനിത ഉദ്യേഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഓരോ വാര്‍ഡിലെയും എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍, മറ്റ് മെമ്പര്‍മാര്‍ എന്നിങ്ങനെ 50-ഓളം വനിതകള്‍ പങ്കെടുത്തു.