ആലപ്പുഴ:യുണൈറ്റഡ് നേഷൻസിന്റെ ഏജൻസികളായ യൂണിസെഫ്, യുനസ്‌കോ, യു.എൻ.ന്റെ ഡൽഹി ഘടകം എന്നിവയുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘം കുട്ടനാട് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രണ്ടുദിവസമായി ജില്ല കേന്ദ്രീകരിച്ച് പ്രളയാനന്തര ആവശ്യങ്ങളുടെ കണക്കെടുക്കുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി വിവിധ സംഘങ്ങളായി പ്രവർത്തിച്ചുവന്ന ടീം ബുധനാഴ്ച രാവിലെ ജില്ല കളക്ടർ എസ്. സുഹാസുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ജില്ല കളക്ടർ പ്രളയം സംബന്ധിച്ച് സംഘത്തിന് വിശദീകരിച്ചു. പഠനസംഘം 11 യൂണിറ്റുകളായാണ് പ്രളയബാധിത പ്രദേശങ്ങൾ വിലയിരുത്തുന്നത്. ഓരോ സംഘത്തിലും വിവിധ മേഖലകളിലെ വിദഗ്ധരാണുള്ളത്. യു.എൻ പ്രോഗ്രാം ഓഫീസർ ഡോ. ഹുമാമസൂദ്, യൂണിസെഫ് വിദ്യാഭ്യാസ ഓഫീസർ റോബിൻ മൈറ്റി എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് ബുധനാഴ്ച എത്തിയ സംഘം.
