ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമ്മിതിക്കുമായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീ തെരുവ് നാടകങ്ങൾ നടത്തും. സെപ്റ്റംബർ 29, ഒക്‌ടോബർ ഒന്ന് എന്നീ ദിവസങ്ങളിലാണ് പരിപാടി. ഏഴു പേരടങ്ങിയ സംഘമാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 29ന് രാവിലെ 10ന് തുറവൂർ ജങ്ഷനിലും 11.30ന് ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും 2.30ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിലും ഒക്‌ടോബർ ഒന്നിന് രാവിലെ 10ന് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും ഉച്ചയ്ക്ക് 12 ന് മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും, ഉച്ചയ്ക്ക്‌ശേഷം രണ്ടിന് കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വൈകിട്ട് നാലിന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും നടക്കും.
