ആലപ്പുഴ: പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകൾക്ക് പുസ്തകങ്ങൾ തിരികെ നൽകി ഗാന്ധിയുടെ 150-ാം ജന്മദിനമാഘോഷിക്കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ രക്ഷാധികാരിയും ജില്ല കളക്ടർ എസ്.സുഹാസ് അധ്യക്ഷനുമായുള്ള ജില്ലാതല സമതിയുടെ നേതൃത്വത്തിലാണ് പരിപാടി. ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം എന്ന ആശയമാണ് ഇതിനായി നടപ്പാക്കുക. പ്രളയം കാരണം പുസ്തകങ്ങൾ് നഷ്ടപ്പെട്ട് പ്രവർത്തനം നിലച്ച വായനശാലകളെ ഇതിലൂടെ പ്രവർത്തന സജ്ജമാക്കാമെന്ന വിലയിരുത്തലിലാണ് പദ്ധതി വിഭാവന ചെയ്യുന്നത്. താൽപര്യമുള്ളവർക്ക് ഒന്നിലധികം പുസ്തകങ്ങളും സംഭാവന ചെയ്യാം. ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ടുനടന്ന ആലോചനായോഗത്തിലാണ് ഈ തീരുമാനം. ചുനക്കര ജനാർദനൻനായർ അധ്യക്ഷനായി ഇതിനായി ഉപസമതിയെ നിശ്ചയിച്ചിട്ടുണ്ട്.
എല്ലാ പഞ്ചായത്തുകളിൽ നിന്നും ഇതിനായുള്ള പുസ്തകങ്ങൾ ശേഖരിക്കും. ഓരോ കുടുംബശ്രീയിൽ നിന്നും ഓരോ പുസ്തകം ശേഖരിക്കും. ഒക്ടോബർ മൂന്നിന് വീടുവീടാന്തരം കയറിയിറങ്ങി പുസ്തകങ്ങൾ സമാഹരിച്ച് ബ്ലോക്കുകളിലെത്തിക്കാനാണ് തീരുമാനം. ലൈബ്രറി കൗൺസിലുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ നശിച്ചുപോയ വായനശാലകളുടെ കണക്കെടുത്ത ശേഷമായിരിക്കും പുസ്തക വിതരണം.