ആലപ്പുഴ: പ്രളയാനന്തര ആലപ്പുഴയ്ക്ക് അടിയന്തരമായി 50,000 അടുക്കളപാത്രങ്ങൾ ആവശ്യമുണ്ടെന്ന് ഐ ആം ഫോർ ആലപ്പി പ്രചരണം. ഇതുൾപ്പടെ വിവിധ സാധനങ്ങൾ നൽകുന്നതിനും അങ്കണവാടികളുടെയും പൊതുസ്ഥാപനങ്ങളുടെയും പുനർനിർമാണം ഏറ്റെടുക്കാൻ സന്നദ്ധരായവരെയും തേടുകയാണ് ഐ.ഐം ഫോർ ആലപ്പി. കുട്ടനാട്, ചെങ്ങന്നൂർ മേഖലകൾക്ക് ഊന്നൽ നൽകി പ്രളയത്തിൽ തകർന്ന പൊതുസ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് കഴിഞ്ഞ 16നാണ് ഐ ആം ഫോർ ആലപ്പി പ്രചരണം വിവിധ സോഷ്യൽ മീഡിയ ഫോറങ്ങളിൽ തുടങ്ങിയത്. പ്രചരണം തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്നെ ആശാവഹമായ സന്ദേശങ്ങളാണ് ലഭിച്ചത്. തെലുങ്ക് നടൻ രാജീവ് കനകല, ഭാര്യ നടിയും അവതാരകയുമായ സുമ കനകല എന്നിവർ കുന്നുമ്മ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുനരുദ്ധാരണമേറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു.
കുട്ടനാടുൾപ്പടെയുള്ള മേഖലകളിൽ കുടിവെള്ള സ്രോതസുകളെല്ലാം നാശമായതിനെ തുടർന്ന് 10000 ജല ശുദ്ധീകരണികളും 25 ആർ.ഒ.പ്ലാന്റുകളും ആവശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതർക്കുൾപ്പടെ ഉപയോഗിക്കാൻ 100 വീൽചെയർ, 200 വാട്ടർബെഡ്, 200 എയർബഡ് എന്നിവയും ആവശ്യമുണ്ടെന്ന് പ്രചരണം തുടങ്ങിയിട്ടുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കഞ്ഞിപ്പാടത്തെ അങ്കണവാടി, കുട്ടനാട്ടിലെ വേഴപ്ര അങ്കണവാടി, ചെമ്പുംപുറം ഗവ. യു.പി. സ്‌കൂൾ എന്നിവയുടെ പുനരുദ്ധാരണത്തിന് സഹായിക്കാൻ സന്നദ്ധരായവരെ തേടുകയാണ് ഐ ആം ഫോർ ആലപ്പി. പൊതുസ്ഥാനങ്ങളുടെ നാശനഷ്ടം പഠിച്ച് വിശദമായ രൂപരേഖ തയ്യാറാക്കിയാണ് സഹായഭ്യർഥന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
ജില്ലയിൽ ഒട്ടേറെ ക്ഷീരകർഷകർക്ക് തങ്ങളുടെ ജീവനോപാധി നഷ്ടമായതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അവർക്ക് ജീവനോപാധി തിരിച്ചു നൽകാനുള്ള ഒരു പ്രചരണവും തുടങ്ങി. ഒരു പശുവിനെ നൽകു, ഒരു ജീവനോപാധി നൽകു എന്നാണ് ഈ പ്രചരണത്തിന്റെ മുദ്രാവാക്യം.ഓരോ മേഖലകൾ തിരിച്ച നഷ്ടം നോക്കി സഹായാഭ്യർഥന നടത്തുകയെന്നതാണ് ഐ ആം ഫോർ ആലപ്പിയുടെ പരിപാടി. ആലപ്പുഴ സബ് കളക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള സാമൂഹിക മാധ്യമ പ്രചാരണസംഘമാണ് ഇതിനു പിന്നിൽ. സഹായം നൽകാൻ തല്പരായവർ: https://goo.gl/form/TimdoHQ6dawK4Skqc2 എന്ന ഫേസ്ബുക്ക് ലിങ്കുവഴി രജിസ്റ്റർ ചെയ്ത് സഹായം വാഗ്ദാനം ചെയ്യാം.