ആലപ്പുഴ: പ്രളയത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കുന്നതിന് ജില്ലയിൽ പ്രത്യേക അദാലത്ത് നടത്തുന്നു. ജില്ലയിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാലു വരെ അതത് പഞ്ചായത്ത്, നഗരസഭ ഫ്രണ്ട് ഓഫീസുകളിൽ അപേക്ഷകൾ സ്വീകരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷയോടൊപ്പം രേഖകൾ സംബന്ധിച്ച ലഭ്യമായ വിവരങ്ങൾ നൽകണം. അതത് ദിവസം ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ജില്ല ഓഫീസുകൾക്ക് അന്നേദിവസം കൈമാറുന്നതും വകുപ്പുകൾക്ക് ലഭിക്കുന്ന അപേക്ഷയിൻമേൽ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും തയ്യാറാക്കി അദാലത്തുകളിൽ ലഭ്യമാക്കും. ഇതു സംബന്ധിച്ച അറിയിപ്പ് അപേക്ഷകന് നൽകണം. അദാലത്തിന്റെ സ്ഥലം, തീയതി എന്നിവ പിന്നീട് അറിയിക്കുമെന്ന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു.