നഗരപ്രദേശങ്ങളുടെ ശുചിത്വ നിലവാരം നിര്‍ണ്ണയിക്കുന്നതിനുള്ള സ്വച്ഛ് സര്‍വേക്ഷന്‍ 2019ന് സംസ്ഥാനത്ത് നടത്തും. 2019 ജനുവരിയിലാണ് ശുചിത്വ സര്‍വേ (സ്വച്ഛ് സര്‍വേക്ഷന്‍) നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ശുചിത്വ മിഷന്‍ പ്ലാനറ്റോറിയത്തിലെ പ്രിയദര്‍ശനി ഹാളില്‍ ശില്‍പശാല നടത്തി. ഉദ്ഘാടനം ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ നിര്‍വഹിച്ചു. നഗരസഭാ, മേയര്‍മാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സ്വച്ഛ് ഭാരത് മിഷന്‍ വിദഗ്ട്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ശുചിത്വ മാലിന്യ സംസ്‌കരണ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നഗരസഭകളെ റാങ്കിംഗ് ചെയ്യുന്ന പരിപാടിയാണ് സ്വച്ഛ് സര്‍വേക്ഷന്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഒരു സ്വതന്ത്ര ഏജന്‍സി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സര്‍വേ നടത്തുന്നത്.
ശില്പശാലയില്‍ മേയര്‍ അഡ്വ. വി.കെ.പ്രശാന്ത്, കൊച്ചി മേയര്‍ സൗമിനി ജയന്‍, പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ.ജേക്കബ്, വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ആര്‍.അജയകുമാര്‍ വര്‍മ്മ, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഉമ്മു സെല്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര പൊതുജന ആരോഗ്യ പരിസ്ഥിതി സംഘടന അഡൈ്വസര്‍ രോഹിത് കക്കര്‍, ദേശീയ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഫൗസ്റ്റീന ഗോമസ് തുടങ്ങിയവര്‍ ക്ലാസെടുത്തു.