പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന് കൈത്താങ്ങായ ലോക ജനതയോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി തൊടുപുഴയിൽ സംഘടിപ്പിക്കുന്ന ബിഗ് സല്യൂട്ട് പരിപാടിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ലോക നടപ്പുദിനം, വിനോദ സഞ്ചാര ദിനം എന്നിവയുടെ ഭാഗമായി ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 5000ത്തോളം ആളുകളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രളയകാലത്ത് സഹായിച്ചവർക്ക് ആദരസൂചകമായി ബിഗ് സല്യൂട്ട്, ലോക നടപ്പ് ദിനത്തിന്റെയും വിനോദ സഞ്ചാര ദിനത്തിന്റെയും പ്രാധാന്യം ജനങ്ങളെ അറിയിക്കുക, പ്രകൃതി ദുരന്ത -ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വകുപ്പുകളെ അഭിനന്ദിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുക എന്നീ ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ സ്പോർട്സ് കൗൺസിൽ, സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകൾ, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, മർച്ചന്റ് അസോസിയേഷൻ, റോട്ടറി ക്ലബ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയും തഫീസ(ദി അസോസിയേഷൻ ഫോർ ഇന്റർനാഷണൽ സ്പോർട്സ് ഫോർ ഓൾ), ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓൾ എന്നിവയുടെ സാങ്കേതിക സഹായത്തോടും കൂടി ലോക നടപ്പ് ദിനത്തോടനുബന്ധിച്ച് അന്താരാഷ്‌ട്ര തലത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 29ന് വൈകിട്ടു 3 മണിക്ക് മങ്ങാട്ടുകവലയിൽ ആരംഭിക്കും. 4000ത്തോളം മുതിർന്നവരെയും 1000ത്തോളം കുട്ടികളെയും ഉൾപ്പെടുത്തിയുള്ള കൂട്ടനടത്തം വൈകിട്ടു 4മണി യോടെ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിച്ചേരും. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി ഒരുക്കുന്ന ഭീമാകാരമായ “ബിഗ് സല്യൂട്ട് ടു ദി എന്റയർ വേൾഡ്” എന്ന വാക്കുകൾ വളരെയധികം ജനശ്രദ്ധ ആകർഷിക്കുന്ന ഒന്നാകും. മന്ത്രി എം എം മണി, ജോയ്‌സ് ജോർജ് എം പി, പി ജെ ജോസഫ് എം എൽ എ, ജില്ലാ കളക്ടർ ജീവൻ ബാബു തുടങ്ങിയവരും, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് അനു രാഘവൻ, സിനിമ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പരിപാടിയിൽ സാന്നിധ്യം അറിയിക്കും. 160ഓളം രാജ്യങ്ങളിൽ തഫീസ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളജനതയെ പ്രധിനിധീകരിച്ചുകൊണ്ടാണ് തൊടുപുഴയിൽ ബിഗ് സല്യൂട്ട് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ബിഗ് സല്യൂട്ട് പരിപാടിയിൽ പങ്കെടുക്കേണ്ടവർ പ്രത്യേകമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ആയ ‘ബിഗ് സല്യൂട്ട് കേരള’ യിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇവർക്ക് തഫീസ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനോടകം 3500 ഓളം ആളുകൾ രജിസ്റ്റർ ചെയ്തു. പരിപാടിയുടെ 360 ഡിഗ്രിയിലുള്ള തത്സമയ ദൃശ്യങ്ങൾ ഗൂഗിളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും ലഭ്യമാകും എന്നും ജില്ലാ കളക്ടർ ജീവൻ ബാബു അറിയിച്ചു. തൊടുപുഴയെ ലോകജനതക്ക് പരിചയപെടുത്തുവാൻ ഈ പരിപാടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ എൽ ജോസഫ്, ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണർ എ ഷറഫ്, , സ്വച്ഛ് ഭാരത് മിഷൻ ഇന്റർനാഷണൽ മീഡിയ ഓഫീസർ ഡോ. മുഹമ്മദ് ഖാൻ തുടങ്ങിയവരും പങ്കെടുത്തു.