കൊച്ചി: കേരളത്തിലെ ടൂറിസം മേഖലയിലടക്കം പാരിസ്ഥിതിക സവിശേഷതകളും ജനതാത്പര്യങ്ങളും മുൻനിർത്തിയുള്ള പുനർനിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ഗ്രാൻഡ് ഹയാത്തിൽ കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിക്ക് ശേഷം കൂടുതൽ കരുത്തോടെ വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി. കേരള ടൂറിസം ആകർഷണീയമാണെന്ന് ഈ ട്രാവൽ മാർട്ടിലൂടെ നാം തെളിയിക്കുന്നു. 1500 ബയർമാരാണ് കേരളത്തിൽ എത്തിയത്. ആദ്യമായാണ് ഇത്രയധികം പേർ എത്തുന്നത്. കേരള ടൂറിസത്തിലുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകൾക്കൊപ്പം ടൂറിസം മേഖലകളെ കുറിച്ചുള്ള ചർച്ചകളും നടക്കും. ഇവിടെ ഉരുത്തിരിയുന്ന നിർദേശങ്ങൾ ഭാവി വികസനത്തിന് പ്രയോജനപ്പെടുത്തും. പല ടൂറിസം കേന്ദ്രങ്ങളിലെയും റോഡ്, പാലം, അടിസ്ഥാന സൗകര്യം നഷ്ടപ്പെട്ടു. 2000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയിൽ ഉണ്ടായത്. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇവ പുനർനിർമ്മിക്കാൻ ശ്രമങ്ങൾ നടക്കുന്നു. സാധാരണ നില പുന:സ്ഥാപിക്കാൻ കഴിഞ്ഞു.
ഉത്തരവാദിത്ത ടൂറിസം വ്യാപക കേരള ടൂറിസത്തെ ആഗോള ടൂറിസം ഭൂപടത്തിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഒരു പ്രദേശം മാറുമ്പോൾ അവിടത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമുണ്ടാകും. മലബാറിലെ നാടൻ കലകളുടെയും പൈതൃകങ്ങളുടെയും പ്രത്യേക ത സഞ്ചാരികളിലേക്കെത്തിക്കാൻ ഉടൻ പദ്ധതി നടപ്പാക്കും. പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവ വൈവിധ്യവും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തും. പുത്തൻ ടൂറിസം ഉൽപന്നങ്ങൾ അവതരിപ്പിക്കും. ആരോഗ്യ ടൂറിസത്തിന് ഏറെ സാധ്യതയുണ്ട്. സർക്കാർ നിക്ഷേപത്തിനൊപ്പം സ്വകാര്യ നിക്ഷേപവും പ്രയോജനപ്പെടുത്തും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതിന് ഗ്രീൻ കാർപറ്റ് സംവിധാനം ശക്തപ്പെടുത്തും. പാരിസ്ഥിതിക സവിശേഷതകൾ കൂടി പരിഗണിച്ചുള്ള നിർമാണ പ്രവർത്തനക്കളെ അനുവദിക്കൂ. അശാസ്ത്രീയവും പാരിസ്ഥിഘാതമുണ്ടാക്കുന്നവയുമായ പദ്ധതികൾ അനുവദിക്കില്ല. പാരിസ്ഥിതിക മേഖലകളുടെ സംരക്ഷണം അനിവാര്യമാണെന്ന സന്ദേശമാണ് പ്രളയം നൽകുന്നത്. സ്വാഭാവിക ഭംഗി തടസപ്പെടുത്തുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ സമയമായെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കേരളത്തിലെ ടൂറിസം മേഖല ഒരു പുതിയ ഘട്ടത്തിലെത്തിയിരിക്കുകയാണെന് ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികൾക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയുടെ പത്താം പതിപ്പിൽ 1600 ഓളം സംരംഭകർ പങ്കെടുക്കും. നാല് ശിൽപ്പശാലകളാണ് മേളയുടെ ഭാഗമായി നടക്കുന്നത്. സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസത്തിന്റെ സ്വാധീനം, വിനോദ സഞ്ചാര മേഖലയിലെ മാറുന്ന പ്രവണതകൾ, ടൂറിസം – സാമ്പത്തിക പുരോഗതിയുടെ പ്രവർത്തന യന്ത്രം എന്നീ വിഷയങ്ങളിലും ആയുർവേദ, യോഗ, മുസ് രിസ് പൈതൃക പദ്ധതി, ജടായുപ്പാറ, ഹോം സ്റ്റേകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുപ്പിച്ച് കേരളത്തിലെ ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും എന്ന വിഷയത്തിലും ശിൽപ്പശാല നടക്കും.
വാണിജ്യ കൂടിക്കാഴ്ചകൾ നടക്കുന്ന ഐലൻഡിലെ കെ.ടി.എം. മേളയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. സമാപന ദിവസമായ 30 ന് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടായിരിക്കും.
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനം, എം എൽ എ മാരായ ഹൈബി ഈഡൻ, തോമസ് ചാണ്ടി, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി സജി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. മനോജ്, ടൂറിസം വകുപ്പ് ഡയറക്ടർ ബാലകിരൺ, സെക്രട്ടറി റാണി ജോർജ്, കെടിഡിസി എംഡി ആർ. രാഹുൽ, കൊച്ചി മെട്രോ എംഡി എ പി എം മുഹമ്മദ് ഹനീഷ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, മുൻ പ്രസിഡൻറുമാരായ ജോസ് ഡൊമിനിക്, ഇ.എം. നജീബ്, എബ്രഹാം ജോസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എ.വി. രമണ തുടങ്ങിയവർ പങ്കെടുത്തു.